ജൂണ്‍13ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ജി7 ഉച്ചകോടിക്കായി ഇറ്റലിയിലേക്ക് പോകും, ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി
നാലാംഘട്ട ലോക് സഭ തെരഞ്ഞെടുപ്പില്‍ 67. 71 ശതമാനം പോളിംഗ്. അനുകൂല ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി
ദില്ലി:നാലാം ഘട്ട ലോക് സഭ തെരഞ്ഞെടുപ്പില്‍ 67. 71 ശതമാനം പോളിംഗ്. 1996ന് ശേഷം ആദ്യമായി റെക്കോര്‍ഡ് പോളിംഗ് ശ്രീനഗറില്‍ രേഖപ്പെടുത്തി. വരുന്ന 13ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പത്ത് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായുളള 96 മണ്ഡലങ്ങള്‍ കൂടി വിധിയെഴുതിയപ്പോള്‍ പോളിംഗ് ശതമാനം 68നടുത്ത്. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ശതമാനത്തിന്‍റെ കുറവ്. ശ്രീനഗറില്‍ 37. 98 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 96ല്‍ രേഖപ്പെടുത്തിയ 14 ശതമാനമാണ് ഇതുവരെയുള്ള ഉയര്‍ന്ന കണക്ക്. പശ്ചിമബംഗാളില്‍ 78. 44 ശതമാനം, ആന്ധ്ര പ്രദേശില്‍ 78. 25 ശതമാനം, ഒഡീഷയില്‍ 73.97 ശതമാനം, ഉത്തര്‍പ്രദേശില്‍ 58.05 ശതമാനം എന്നിങ്ങനെ പോകുന്നു പോളിംഗ് നിരക്ക്. നാലാം ഘട്ട പോളിംഗ് പിന്നിടുന്നതോടെ 70 ശതമാനം ലോക് സഭ സീറ്റുകളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പോളിംഗ് ശതമാനം അനുകൂല ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി വിലയിരുത്തുന്നു. നാനൂറിലധികം സീറ്റുകളെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് അമിത് ഷാ പ്രതികരിച്ചു.
പുതിയ സര്‍ക്കാര്‍ 13ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഒരു ഹിന്ദി വാര്‍ത്താ ചാനലില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ താന്‍ പോകുമെന്നും മോദി പറഞ്ഞു. കശ്മീരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് പുനസംഘടനയുടെ വിജയമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിലെ ഘട്ടങ്ങള്‍ ഉന്നമിട്ടാണ് വാരാണസിയില്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. അതേ സമയം നാലാംഘട്ടത്തിലെ പോളിംഗ് നിരക്ക് ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ഇന്ത്യ സഖ്യത്തിലെ കകക്ഷികള്‍ പ്രതികരിച്ചു. ഇനിയും മോദിക്ക് ഭരണം കിട്ടിയാല്‍ വിമാനത്താവളങ്ങള്‍ അദാനിക്ക് തീറെഴുതിയതു പോലെ രാജ്യത്തെ തന്നെ വില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മോദി അദാനി ഡീലിനെ വിമര്‍ശിച്ച് അദാനിക്ക് കൈമാറിയ ലക്നൗ വിമാനത്താവളത്തില്‍ വച്ച് ചിത്രീകരിച്ച വിഡിയോയോയും രാഹുല്‍ പുറത്ത് വിട്ടു.