രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി: ഗോവൻ വിമോചന സമരത്തെ നെഹ്റു അവഗണിച്ചെന്നും വിമർശനം
"ഞാൻ നെഹ്‌റുവിന്‍റെ പേര് വേണ്ടത്ര പരാമര്‍ശിക്കുന്നില്ലെന്ന് നിങ്ങൾ പരാതിപ്പെടുന്നു. ഇന്ന് ഞാൻ നെഹ്‌റുജിയെക്കുറിച്ച് മാത്രമേ സംസാരിക്കൂ. ആസ്വദിക്കൂ,"
ദില്ലി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് മേലുള്ള ചർച്ചകൾക്ക് മറുപടി പറയുമ്പോൾ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമശനം പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കുടുംബാധിപത്യം രാജ്യത്തിന് ആപത്താണെന്നും കോൺഗ്രസ് കുടുംബപാർട്ടിയാണെന്നും മോദി പറഞ്ഞു. പിരിച്ചു വിട്ടേക്കാൻ മഹാത്മാഗാന്ധി തന്നെ പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസില്ലെങ്കിൽ രാജ്യത്ത് കലാപമൊന്നും നടക്കാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയെക്കുറിച്ചും പഞ്ചാബിനെക്കുറിച്ചും മോദി തൻ്റെ പ്രസംഗത്തിൽ പരമാർശിച്ചു. ഗോവ വിമോചന സമരത്തിൽ നെഹ്റു നിഷ്ക്രിയനായി നിന്നുവെന്നും സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് ഉത്തരവാദികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസവും ലോക്‌സഭയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹർലാൽ നെഹ്‌റുവിനെ പരാമര്‍ശിച്ച് സംസാരിച്ചിരുന്നു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മോദി. "ഞാൻ നെഹ്‌റുവിന്‍റെ പേര് വേണ്ടത്ര പരാമര്‍ശിക്കുന്നില്ലെന്ന് നിങ്ങൾ പരാതിപ്പെടുന്നു. ഇന്ന് ഞാൻ നെഹ്‌റുജിയെക്കുറിച്ച് മാത്രമേ സംസാരിക്കൂ. ആസ്വദിക്കൂ," പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗോവ വിമോചന സമരത്തോട് മുഖം തിരിച്ചയാളാണ് മുൻ പ്രധാനമന്ത്രി നെഹ്റു. പണ്ഡിറ്റ് നെഹ്‌റുവിന് തന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെക്കുറിച്ച് മാത്രമാണ് ആശങ്കയെന്ന് അക്കാലത്ത് പത്രങ്ങൾ പറഞ്ഞു. തന്റെ നിക്ഷിപ്ത താൽപ്പര്യത്തിനായി, അദ്ദേഹം ഗോവയെ അവഗണിച്ചു, ഗോവക്കാർക്ക് നേരെ വിദേശ ഭരണകൂടം വെടിയുതിർത്തപ്പോൾ ഒരു നടപടിയും അദ്ദേഹം എടുത്തില്ല. അപ്പോൾ പ്രധാനമന്ത്രി സത്യാഗ്രഹികൾക്ക് സഹായം നിഷേധിച്ചു, കേന്ദ്രം പിന്തുണയ്ക്കാതെ വന്നതോടെ സംസ്ഥാനം 15 വർഷം കൂടി വിദേശ ഭരണത്തിൽ കഴിയേണ്ടി വന്നു - ഗോവൻ വിമോചന പ്രക്ഷോഭം വീണ്ടും ഓർമിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ വാക്കുകൾ -
കൊവിഡിനെ സർക്കാർ നല്ല രീതിയിൽ നേരിട്ടു. മഹാമാരിയെ നേരിടാൻ ഇപ്പോഴും തീവ്രയത്നം നടത്തുകയാണ്. നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വെല്ലുവിളിയേറിയ മഹാമാരിയാണിത്. ഇന്ത്യ കൊവിഡിനെ നേരിട്ട രീതി അന്തർദേശീയ തലത്തിൽ പ്രശംസിക്കപ്പെട്ടു. ശാസ്ത്രജ്ഞരേയും, ആരോഗ്യ പ്രവർത്തകരേയും ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാരിനായി. ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ നയം.
കൊവിഡ് കാലത്ത് സർക്കാർ കർഷകർക്കൊപ്പം നിന്നു. ഉത്പന്നങ്ങൾക്ക് റെക്കോർഡ് താങ്ങ് വില സർക്കാർ നൽകിയിരുന്നു. തൊഴിലില്ലായ്മ രൂക്ഷമെന്ന പ്രതിപക്ഷ ആരോപണം തെറ്റാണ്. 2017-ന് ശേഷം ഐടി മേഖലയിൽ 27 ലക്ഷം പേർക്ക് ജോലി കിട്ടിയിരുന്നു. 2021-ൽ പിഎഫ് പേ റോളിലുള്ളത് 1.20 കോടി പേരാണ്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയും കൂടുതൽ മെച്ചപ്പെട്ട് വരികയാണ്.
കൊവിഡ് നിയന്ത്രണത്തിൽ മുഖ്യമന്ത്രിമാരെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ട് പോയത്. 23 തവണ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നില്ലെന്ന വാദം അംഗീകരിക്കാനാവില്ല. 64000 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത്
എന്നാൽ രാജ്യത്തെ അപമാനിക്കാനാണ് ഇപ്പോഴും ചിലർ ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ മോശം ചിത്രം വരയ്ക്കാനാണ് കോൺഗ്രസിന് താൽപര്യം. യഥാർത്ഥ നേതാവ് ഒരിക്കലും അശുഭാപ്തി വിശ്വാസക്കാരനാകരുത്. ഇന്ത്യയെ നല്ല വെളിച്ചത്തിൽ നിർത്താനാണ് ശ്രമിക്കേണ്ടത്. വാക്സിനേഷനെ പോലും മോശമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായി. വാക്സിനേഷനിലും രാഷട്രീയം കലർത്തി. സർവ്വകക്ഷി യോഗങ്ങളിലൊന്നും കോൺഗ്രസ് പങ്കെടുത്തില്ല.
ചിലർ വിശ്വസിക്കുന്നത് ഇന്ത്യയുണ്ടായത് 1947-ൽ ആണെന്നാണ്. ഇപ്പോഴും അവരുടെ മനസ് 70 വർഷങ്ങൾക്ക് പിന്നിലാണ്. കോൺഗ്രസ് കുടുംബ പാർട്ടിയാണ്. കുടുംബാധിപത്യം രാജ്യത്തിന് വെല്ലുവിളിയാണ്. ഒരു പാർട്ടിയിൽ ഒരു കുടുംബം ആധിപത്യം ഉറപ്പിക്കുന്നതോടെ ആ പാർട്ടിയിലെ പിന്നെ മികച്ച നേതൃത്വം രൂപപ്പെടാത്ത നിലയാണുള്ളത്. ഗാന്ധിജി പോലും പിരിച്ചുവിടണമെന്ന് പറഞ്ഞ പാർട്ടിയാണത്. കോൺഗ്രസില്ലെങ്കിൽ രാജ്യത്ത് കലാപമുണ്ടാകാനൊന്നും പോകുന്നില്ല. കുടുംബാധിപത്യം രാജ്യത്തിന് വെല്ലുവിളിയാണ്. ദേശീയതക്കെതിരെ നിൽക്കുന്ന പാർട്ടിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് എങ്ങനെ വിളിക്കാനാകും. ഗാന്ധിജി പോലും പിരിച്ചുവിടണമെന്ന് പറഞ്ഞ പാർട്ടിയാണത്. കോൺഗ്രസില്ലെങ്കിൽ രാജ്യത്ത് കലാപമുണ്ടാകില്ല.
മഹാത്മാഗാന്ധിയുടെ ആഗ്രഹപ്രകാരം കോൺഗ്രസ് ഇല്ലാതായിരുന്നെങ്കിൽ, ജനാധിപത്യത്തിൽ നിന്നും കുടുംബവാഴ്ച ഇല്ലാതാകുമായിരുന്നു. വിദേശ ആശയങ്ങൾ സ്വീകരിക്കുന്നതിനു പകരം ദേശീയ പ്രമേയങ്ങളുടെ പാതയിലൂടെ ഇന്ത്യ നടക്കുമായിരുന്നു. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകുമായിരുന്നില്ല.
കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ സിഖുകാരെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല; വർഷങ്ങളോളം പഞ്ചാബ് തീവ്രവാദത്തിന്റെ തീജ്വാലയിൽ എരിഞ്ഞുപോകുമായിരുന്നില്ല, കശ്മീരി പണ്ഡിറ്റുകൾ കശ്മീർ വിട്ടുപോകേണ്ടതില്ല. കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ പെൺമക്കൾ തന്തൂരിൽ എറിയപ്പെടുന്ന സംഭവം ഉണ്ടാകുമായിരുന്നില്ല: പ്രധാനമന്ത്രി
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ രാജ്യത്തിന്റെ വികസനം അനുവദിച്ചില്ല. ഇപ്പോൾ പ്രതിപക്ഷത്തായപ്പോൾ അവർ രാജ്യത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നു. അവർ ഇപ്പോൾ 'രാഷ്ട്ര'ത്തെ തന്നെ എതിർക്കുന്നു. 'രാഷ്ട്രം' എന്ന ആശയം ഭരണഘടനാ വിരുദ്ധമാണെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങളുടെ പാർട്ടിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് വിളിക്കുന്നത്? ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് എന്ന എന്ന ചിന്തയുടെ ഫലമാണിതെല്ലാം.