റോഡ് കോൺട്രാക്ടറുടെ വീട്ടിലെ പുതിയതായി അടച്ച സെപ്റ്റിക് ടാങ്കിൽ കാണാതായ യുവ മാധ്യമപ്രവർത്തകന്റെ മൃതദേഹം

ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം തലയിലും മുതുകിലും ഒന്നിലധികം മുറിവുകളോടെ പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി

missing journalist Mukesh Chandrakar found dead in septic tank of road contractor in Chhattisgarh 4 January 2025

റായ്പൂർ: ഛത്തീസ്ഗഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. 28കാരനായ സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കറിന്‍റെ മൃതദേഹമാണ് വെള്ളിയാഴ്ച ബിജാപൂരിലെ ചട്ടൻപാറ ബസ്തിയില്‍ കണ്ടെത്തിയത്. ബിജാപൂർ നഗരത്തിലെ റോഡ് കോൺട്രാക്ടറുടെ വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് യുവ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. എൻഡിടിവിക്ക്  വേണ്ടിയടക്കം റിപ്പോർട്ട് ചെയ്തിരുന്ന മുകേഷ് ചന്ദ്രക്കറിനെ ജനുവരി 1 മുതലാണ്  കാണാതായത്. കോൺക്രീറ്റ് ഉപയോഗിച്ച് പുതിയതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്കുണ്ടായിരുന്നു. മുകേഷിന്‍റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

കരാറുകാരന്‍റെ ബന്ധു വിളിച്ചതിനു പിന്നാലെ ഇയാളെ കാണാന്‍ പോയതാണ് ഇയാളെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുകേഷ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് സഹോദരന്‍ നഗരത്തിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മുകേഷും സഹോദരൻ യുകേഷ് ചന്ദ്രക്കറും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സഹോദരന്‍റെ പരാതിയില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്.

മുകേഷിന്‍റെ മൊബൈലിലെ അവസാന ടവര്‍ ലൊക്കേഷന്‍ സുരേഷ് ചന്ദ്രക്കർ എന്ന കരാറുകാരന്‍റെ കെട്ടിടത്തിന്‍റെ പരിസരത്തായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാളുടെ ജീവനക്കാർ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. അവിടെ കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച സെപ്റ്റിക് ടാങ്കും പൊലീസ് കണ്ടെത്തി. സംശയം തോന്നിയതിനെ തുടർന്ന് സെപ്റ്റിക് ടാങ്ക് തകര്‍ത്തുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുരേഷ് ചന്ദ്രക്കറടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. യുവമാധ്യമപ്രവർത്തകന്റെ  മരണത്തിന് അടുത്ത കാലത്ത് നൽകിയ വാര്‍ത്തകളുമായി ബന്ധമുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. 

ബസ്തർ മേഖലയിലെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബസ്താർ ജംഗ്ഷന്‍ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും മുകേഷ് ചന്ദ്രകറിനുണ്ട്. 1.59 ലക്ഷം സബ്‌സ്‌ക്രൈബർമാരും ഈ ചാനലിനുണ്ട്. 2021 ഏപ്രിലിൽ, മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സിആർപിഎഫ് കോബ്രാ കമാൻഡോ രാകേശ്വർ സിങ് മാൻഹാസിനെ മോചിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് മുകേഷ്. ഇതില്‍  സംസ്ഥാന പൊലീസിന്‍റെ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്  കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും അവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കാനും നിര്‍ദേശം നൽകിയതായും  സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios