കൊവിഡ് രോഗിയെ ചികിത്സക്കിടെ കാണാതായി; 14 ദിവസത്തിന് ശേഷം മൃതദേഹം ആശുപത്രി ശൗചാലയത്തിൽ
ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
മുംബൈ: കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതയതിന് 14 ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രിയുടെ ശൗചാലയത്തിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ ടി.ബി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൂര്യഭാൻ യാദവിനെ(27)യാണ് ആശുപത്രിയിലെ പൂട്ടിയിട്ട ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടത്.
ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതർ ഒക്ടോബർ നാലിന് പൊലീസില്‍ പരാതി നൽകിയിരുന്നു. ക്ഷയ രോഗത്തിനൊപ്പം യുവാവിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ രോഗിയെ ആശുപത്രിയിൽനിന്ന് കാണാതായെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരും കൃത്യമായ അന്വേഷണം നടത്തിയില്ല. ഇതിനിടെയാണ് ഒക്ടോബർ 18-ാം തീയതി ആശുപത്രിയിലെ ശൗചാലയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടത്. ശ്വാസതടസം അടക്കം അനുഭവപ്പെട്ടിരുന്ന യുവാവിന്റേത് സ്വഭാവിക മരണമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം ഇത്രയും ദിവസം യുവാവ് ശുചിമുറിയിൽ അകപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാതിരുന്നത് ആശുപത്രി ജീവനക്കാരുടെ കടുത്ത അനാസ്തയാമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.