ഇന്ത്യ ഗേറ്റിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ജമാൽ സിദ്ദിഖി
നേരത്തെ ഇന്ത്യ ഗേറ്റിന് സമീപത്തു നിന്ന് കിങ് ജോർജ് അഞ്ചാമന്റെ പ്രതിമ നീക്കം ചെയ്ത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്ത്.
ന്യൂഡൽഹി: ഇന്ത്യ ഗേറ്റിന്റെ പേര് മാറ്റി 'ഭാരത് മാതാ ധ്വാർ' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജിപെയുടെ ന്യൂനപക്ഷ വിഭാഗമായ മൈനോറിറ്റി മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി. ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരിക്കുകയാണ്. മോദിയുടെ ഭരണ നേതൃത്വത്തിൽ ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹവും ഇന്ത്യൻ സംസ്കാരത്തോടുള്ള കൂറും വർദ്ധിച്ചതായി പറയുന്ന കത്തിൽ ഇതുവരെ നടത്തിയ പ്രധാന പേര് മാറ്റങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
'മുഗൾ ഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അടിമത്തത്തിന്റെ മുറിവുകൾ ഉണക്കി രാജ്യത്തേക്ക് മോദി സന്തോഷം കൊണ്ടുവന്നുവെന്ന്' വിശേഷിപ്പിക്കുന്ന ജമാൽ സിദ്ദിഖി, ഔറംഗസീബിന്റെ പേരിലുണ്ടായിരുന്ന റോഡിനെ എപിജെ അബ്ദുൽ കലാം റോഡ് എന്ന് പുനർനാമകരണം ചെയ്തതും ഇന്ത്യ ഗേറ്റിൽ നിന്ന് കിങ് ജോർജ് അഞ്ചാമന്റെ പ്രതിമ നീക്കം ചെയ്ത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിച്ചതും രാജ്പഥിനെ കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്തതും ഓർമിപ്പിച്ച ശേഷമാണ് ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാതാ ധ്വാർ എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യe ഗേറ്റിൽ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ആയിരിക്കണക്കിന് രക്തസാക്ഷികളോടുള്ള ആദരവായി അത് മാറുമെന്നും അദ്ദേഹം പറയുന്നുണ്ട്. ആവശ്യത്തോട് കേന്ദ്ര സർക്കാറിന്റെ പ്രതികരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം