'ബിഹാർ പുതിയ മന്ത്രിസഭക്ക് ആയുസ് കുറവ്, നിതീഷിന്റെ ചുവട് മാറ്റം ജനങ്ങളോടുള്ള വഞ്ചന': വിമർശിച്ച് കേന്ദ്രമന്ത്രി
പ്രത്യേകിച്ച് കാരണമൊന്നും വിശദീകരിക്കാതെയാണ് ജെഡിയു സഖ്യം വിട്ടത്. അത് ബീഹാറിന്റെ വികസനത്തിന് തിരിച്ചടിയാകുന്ന നീക്കമാണെന്നും ജെഡിയുവിന്റെ ഭാവിയെ തന്നെ ഈ തീരുമാനം ഇരുട്ടിലാക്കുമെന്നും പശുപതി പരസ് അഭിപ്രായപ്പെട്ടു.
ബിഹാർ : ബിജെപിക്ക് വലിയ തിരിച്ചടി നൽകിക്കൊണ്ട് ബിഹാറിൽ ചുവട് മാറ്റം നടത്തിയ നിതിഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപിയും എൻഡിഎ സഖ്യകക്ഷികളും ഉയർത്തുന്നത്. ജനങ്ങളോടുള്ള വഞ്ചനയാണ് നിതീഷിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി നേതാവുമായ പശുപതി പരസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പ്രത്യേകിച്ച് കാരണമൊന്നും വിശദീകരിക്കാതെയാണ് ജെഡിയു സഖ്യം വിട്ടത്. അത് ബീഹാറിന്റെ വികസനത്തിന് തിരിച്ചടിയാകുന്ന നീക്കമാണെന്നും ജെഡിയുവിന്റെ ഭാവിയെ തന്നെ ഈ തീരുമാനം ഇരുട്ടിലാക്കുമെന്നും പശുപതി പരസ് അഭിപ്രായപ്പെട്ടു.
നിതിഷിന്റെ ചുവട് മാറ്റം ബീഹാറിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് മാത്രമേ വിലയിരുത്താൽ കഴിയുകയുള്ളു. രാഷ്ട്രീയ കാരണവുമില്ലാതെയുള്ള ചുവടുമാറ്റം തിരിച്ചടിയാകും. മഹാഗഡ്ബന്ധൻ സഖ്യത്തിന് അധികം ആയുസില്ലെന്നും പശുപതി പരസ് പ്രതികരിച്ചു. പല തവണ മുന്നണിമര്യാദ ലംഘിച്ച് നീതിഷ് കളം മാറ്റിയിട്ടുണ്ട്. എന്നാൽ ഇത്തവണ കളം മാറ്റം ബീഹാറിലെ ജനങ്ങൾക്കും വികസനത്തിനും തിരിച്ചടിയാകുമെന്നും പരസ് വിശദീകരിച്ചു.
എൻഡിഎ സഖ്യകക്ഷിയായ ചിരാഗ് പാസ്വാന്റെ എൽജെപിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞാണ് പശുപതിപരസ് പുതിയ പാർട്ടി രൂപീകരിച്ചത്. അഞ്ച് എംപിമാർ കൂടെ നിന്നതിനാൽ പശുപതി പരസിന് ബിജെപി കേന്ദ്രമന്ത്രിസ്ഥാനവും നൽകി. സംസ്ഥാന നിയമസഭയിൽ കാര്യമായ സാന്നിധ്യമില്ലെങ്കിലും എൻഡിഎ സഖ്യത്തിലാണ് ആർഎൽജെപി. ബീഹാറിൽ നീതീഷ് കുമാർ സഖ്യം വിട്ടത് എൻഡിഎക്ക് ഒരു കോട്ടവും വരുത്തില്ലെന്നാണ് പരസിന്റെ പ്രതികരണം. ജനങ്ങളോടുള്ള വഞ്ചനയാണ് നീതിഷ് കുമാർ കാട്ടിയത്. ഇത് ബീഹാറിന്റെ വികസനത്തിന് തിരിച്ചിടിയാകുമെന്നും പശുപതി പരസ് പറയുന്നു. നരേന്ദ്ര മോദിയും ബിജെപിയും ജെഡിയുവിനോട് എന്നും നീതി പുലർത്തിയിരുന്നു. എംഎൽഎമാർ കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനം നൽകി. എന്നാൽ നിതീഷ് കുമാറിൻറെ കളം മാറ്റം ഇത്തവണ അവരെ ഇരുട്ടിലെത്തിക്കും. എൻഡിഎ നൽകിയ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം അടക്കമുള്ള പദവികൾ ജെഡിയു ഇനി രാജിവെക്കുയാണ് വേണ്ടെതെന്നും പരസ് പ്രതികരിച്ചു. ഏതായാലും നീതീഷ് എൻഡിഎ വിട്ടതോടെ ബീഹാറിൽ പരസിന്റ പാർട്ടി മാത്രമാണ് ബിജെപിയുടെ ഏക സഖ്യകക്ഷി.
അതേ സമയം, ആര്‍ജെഡിക്ക് ഒപ്പം കോൺഗ്രസിൻയും ഇടതുപക്ഷത്തിൻറെയും പിന്തുണയോടെയുള്ള നിതീഷിന്‍റെ വിശാലസഖ്യ സര്‍ക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മന്ത്രിമാരുടേയും വകുപ്പുകളുടെയും കാര്യത്തിൽ ഇതുവരെയും ധാരണയായിട്ടില്ല. 35 അംഗ മന്ത്രിസഭയിൽ 18 മന്ത്രിസ്ഥാനം ആർജെഡി ആവശ്യപ്പെട്ടതായാണ് സൂചന. മന്ത്രിസഭയില്‍ പ്രധാനകക്ഷികളായ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡി തങ്ങൾക്ക് 18 മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ, 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുമാണ് ധാരണയെന്നാണ് സൂചന. അതേ സമയം, ആർജെഡി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പാർട്ടി നാളെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വകുപ്പുകളിലും തീരുമാനമാകാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും ഉണ്ടാകുക.