നാല് ദിവസം, നിറവയറുമായി കയറിയിറങ്ങിയത് ഏഴ് ആശുപത്രികൾ; ഗർഭിണിയും കുഞ്ഞും മരിച്ചു
ആദംപൂരിലെ ആശുപത്രിയിലായിരുന്നു സീമയെ ആദ്യം എത്തിച്ചത്. എന്നാൽ, ആശുപത്രി അധികൃതർ സീമയെ അവിടെ പ്രവേശിപ്പിക്കാൻ തയാറായില്ല. പിന്നീട് ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് പോയി.
ജലന്ധർ: ഉപജീവനമാർഗത്തിനായി ആയിരക്കണക്കിന് പേരാണ് സ്വന്തം നാടുകൾ വിട്ട് മറ്റ് സംസ്ഥാങ്ങളിലേക്കും രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത്. അത്തരത്തിൽ ജീവിത മാർഗം തേടിയായിരുന്നു നവംബർ മാസത്തിൽ തൊഴിലാളിയായ വിക്കിയും ഭാര്യയും ഉത്തർപ്രദേശിൽ നിന്ന് പഞ്ചാബിലെ ജലന്ധറിലെത്തിയത്.
ദിവസങ്ങളായ തിരച്ചിലിനൊടുവിൽ ഇഷ്ടിക ചൂളയിൽ വിക്കിക്ക് ജോലി കിട്ടി. അങ്ങനെ തരക്കേടില്ലാത്ത രീതിയിൽ മുന്നോട്ട് പോകുന്നതിനിടെയാണ് ഇരുട്ടടിയായ കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഈ അവസരത്തിൽ ഭാര്യ സീമ ഗർഭിണി ആയിരുന്നു. ജൂൺ അഞ്ചിന് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുമെന്ന സന്തോഷത്തിലായിരുന്നു ഇരുവരും. എന്നാൽ, മെയ് പകുതിയായതോടെ സീമയ്ക്ക് പ്രസവ വേദന വന്നു. വേദന സഹിക്കാനാകാതെ വന്നതോടെ മെയ് 28ന് സീമയെ ആശുപത്രിയിലേക്ക് പോയി.
ആദംപൂരിലെ ആശുപത്രിയിലായിരുന്നു സീമയെ ആദ്യം എത്തിച്ചത്. എന്നാൽ, ആശുപത്രി അധികൃതർ സീമയെ അവിടെ പ്രവേശിപ്പിക്കാൻ തയാറായില്ല. പിന്നീട് ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർ പരിശോധിക്കുകയും കുട്ടിയുടെ കാര്യത്തിൽ ചില സങ്കീർണതകളുണ്ടെന്നും അതിനാൽ അമൃത്സർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
''ആദംപൂരിലെ ഡോക്ടർമാർ പറഞ്ഞത് സീമയുടെ നില ഗുരുതരമെന്നാണ്. ജലന്ധറിലെ സിവിൽ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. റിപ്പോർട്ട് വന്നപ്പോൾ കുട്ടിയുടെ നില മോശമാണെന്നും അമൃത്സറിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുമായിരുന്നു അവർ നിർദേശിച്ചത്. വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു''- വിക്കി പറയുന്നു. മെയ് 5 ന് നടത്തിയ അവസാന സ്കാനിംഗിൽ സീമയുടെ അവസ്ഥ സാധാരണ നിലയിലായിരുന്നുവെന്നും വിക്കി കൂട്ടിച്ചേർത്തു.
പിന്നീട് മെഡിക്കൽ കോളേജിൽ രണ്ടുദിവസം സീമ ചികിത്സയിൽ കഴിഞ്ഞു. ഇതു കൂടാതെ നാല് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും വിക്കി ശ്രമം നടത്തി. എന്നാൽ കയ്യിൽ ആവശ്യത്തിന് പണം ഇല്ലാത്തതിനാൽ എല്ലവരും തന്നെ മടക്കി അയക്കുകയായിരുന്നുവെന്ന് വിക്കി പറഞ്ഞു.
'മെയ് 31ന് ഗുരുതരാവസ്ഥയിലാണ് യുവതി ആശുപത്രിയിലെത്തിയത്. പക്ഷേ ചികിത്സാ ചെലവ് വഹിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല'- സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ പറയുന്നു. പിന്നീട് സീമയെ ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോവുകയും മെയ് 31ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.
'അമൃത്സറിലെ മികച്ച ചികിത്സ തന്നെ സീമയ്ക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, ദമ്പതികൾ അതിന് തയാറായില്ല. അവർ തിരികെ എത്തിയത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗർഭാശയത്തിൽവെച്ചു തന്നെ കുഞ്ഞുമരിച്ചു' - സിവിൽ സർജൻ ഡോ. ഗുരീന്ദർ കൗർ ചൗള പറഞ്ഞു.