മുംബൈയിൽ നിന്ന്​ യുപിയിലേക്ക് യാത്ര; മൂന്ന്​ ദിവസം വെള്ളം മാത്രം കുടിച്ച്​ കഴിഞ്ഞുകൂടി ഒരു കുടുംബം

‘‘കുഞ്ഞിന് കലക്കി കൊടുക്കാനുള്ള​ പാൽപൊടി കൈയിലുണ്ടായിരുന്നു. അതിനും ശുദ്ധ ജലം ആവശ്യമായിരുന്നു. ചൂട്​ സഹിക്കാനാവാതെ യാത്രയിലുടനീളം കുഞ്ഞ്​ വല്ലാതെ കരഞ്ഞു.’’ - ആശിഷ്​ വിശ്വകർമ പറയുന്നു.

migrant family survive only on water for three days

ലഖ്നൗ: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ സ്വന്തം നാട്ടിലേക്ക് തിരിച്ച ഒന്നര വയസുകാരി ഉൾപ്പെടെയുള്ള കുടുംബം മൂന്ന്​ ദിവസം ചെലവഴിച്ചത്​ വെള്ളം മാത്രം കുടിച്ചാണ്​. 

ആശിഷ്​ വി​​ശ്വകർമയ്ക്കും കുടുംബത്തിനുമാണ്​ ലോക്ക്ഡൗണിനിടയിലെ യാത്ര ദുരിതപൂർണമായത്​. മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലെ ജുവാൻപൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു മൂന്നുപേരടങ്ങുന്ന ഈ കുടുംബം. വിദ്യാവിഹാറിൽ ആശാരിപ്പണിയെടുത്ത്​ ജീവിക്കുന്ന ആശിഷ്​ വിശ്വകർമ കുടുംബത്തോടൊത്ത്​ നല്ലസോപരയിലായിരുന്നു താമസം. 

എന്നാൽ, മാർച്ച് 22ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ നാടുകളിലേക്ക് പേകാൻ തുടങ്ങിയതോടെ ആശിഷും മടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഉത്തർപ്രദേശിലേക്ക്​ പോകുന്ന ഒരു ട്രക്കിൽ 6000 രൂപ നൽകി കുടുംബത്തിന്​ ഇരിപ്പിടമുറപ്പിച്ചു. ആദ്യം 35 പേർ ഒപ്പമുണ്ടാകുമെന്നാണ് ഡ്രൈവർ പറഞ്ഞതെങ്കിലും ഒടുവിലത്​ 50 പേരിലെത്തി.

പ്രദേശത്ത്​ കൊവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ അഭ്യൂഹം പരന്നതോടെ മെയ്​ 10ന്​ രാത്രി യാത്ര തിരിക്കുമെന്ന്​ പറഞ്ഞ ട്രക്ക്​ വൈകുന്നേരം തന്നെ യാത്ര പുറ​പ്പെട്ടു. അതുകൊണ്ടു തന്നെ ഭക്ഷണം കരുതാന്‍ ഇവർക്ക് സാധിച്ചില്ല. വിശപ്പകറ്റാൻ മറ്റ് മാ​ർ​ഗമില്ലാതായതോടെ വെള്ളം കുടിച്ചാണ്​ ഇവർ വിശപ്പും ദാഹവും അകറ്റിയത്​. 

‘‘കുഞ്ഞിന് കലക്കി കൊടുക്കാനുള്ള​ പാൽപൊടി കൈയിലുണ്ടായിരുന്നു. അതിനും ശുദ്ധ ജലം ആവശ്യമായിരുന്നു. ചൂട്​ സഹിക്കാനാവാതെ യാത്രയിലുടനീളം കുഞ്ഞ്​ വല്ലാതെ കരഞ്ഞു.’’ - ആശിഷ്​ വിശ്വകർമ പറയുന്നു. പിന്നീട് മെയ്​ 14നാണ്​ ആശിഷും കുടുംബവും ജുവാൻപൂരിലെത്തിയത്​. 

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന രണ്ടര വയസുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ മറ്റ്​ അംഗങ്ങളിൽ നിന്ന്​ അകലം പാലിച്ച്​ വീടിന് അടുത്തുള്ള പാടത്താണ്​ വിശ്വകർമ ഇപ്പോൾ കഴിയുന്നത്​. കുടുംബക്കാർ നേരത്തെ വാങ്ങിവച്ച സാധനങ്ങൾ ഉപയോ​ഗിച്ചാണ് ആ​ഹാരം പാകം ചെയ്യുന്നത്.

‘‘ഞങ്ങൾ പച്ചക്കറികൾ വാങ്ങിയിരുന്നില്ല. ഈ ഗ്രാമത്തിൽ ഞങ്ങൾക്ക് കൃഷിസ്ഥലമൊന്നുമില്ല. സാധാരണ നിലയിൽ ട്രെയിൻ ഓടിത്തുടങ്ങിയാൽ മുംബൈയിലേക്ക്​ തന്നെ തിരിച്ചുപോകാമെന്നാണ്​ പ്രതീക്ഷ.’’ -ആശിഷ്​ പറഞ്ഞു. തൊഴിലാളികളേയും കൊണ്ട്​ രണ്ട്​ മുതൽ നാല്​ ട്രക്ക്​ വരെ എല്ലാ ദിവസവും ജുവാൻപൂരിലെത്തുന്നത്​ കാണാറുണ്ടെന്നും ആശിഷ് കൂട്ടിച്ചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios