30 കാരിയെ ആഡംബര കാറിടിപ്പിച്ച് കൊന്ന സംഭവത്തിൽ, ഇലക്ട്രോണിക് തെളിവുകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
പിതാവ് അടുത്തിടെ വാങ്ങിയ ബെൻസ് കാറുമായി നൈറ്റ് ഡ്രൈവിനിറങ്ങിയ യുവാവ് മദ്യപിച്ച് വാഹനമോടിച്ച് 30കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി
ബെംഗളൂരു: പിതാവിന്റെ ആഡംബര കാറുമായി രാത്രി കറങ്ങാനിറങ്ങിയ 20കാരൻ യുവതിയെ കാർ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ എല്ലാവിധ ഇലക്ട്രോണിക് തെളിവുകളും ശേഖരിക്കാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി. ബെംഗളൂരു പൊലീസിനാണ് ഹൈക്കോടതി ഇലക്ട്രോണിക് തെളിവുകൾ സമാഹരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നവംബർ 2ന് നടന്ന വാഹന അപകടത്തിൽ കൊല്ലപ്പെട്ട സന്ധ്യയുടെ ഭർത്താവിന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. എതിർ ഭാഗത്തുള്ളവർ സാമ്പത്തികമായും സാമൂഹ്യപരമായും സ്വാധീന ശേഷിയുള്ളവരാണെന്നും കേസിൽ അട്ടിമറി നടക്കാനുള്ള സാധ്യതയുണ്ടെന്ന് വിശദമാക്കിയാണ് സന്ധ്യയുടെ ഭർത്താവ് എൻ ശിവകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധമുള്ള എല്ലാ ഹാർഡ് ഡ്രൈവുകളും പിടിച്ചെടുക്കാനാണ് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബെംഗളൂരുവിലെ കെംഗേരിയിൽ വച്ചാണ് ധനുഷ് എന്ന 20കാരൻ അമിത വേഗതയിൽ മേഴ്സിഡീസ് ബെൻസ് വാഹനം ഓടിച്ചെത്തി റോഡ് മുറിച്ച് കടക്കുകയായിരുന്ന 30കാരിയെ ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിന് പിന്നാലെ വാഹനം നിർത്താതെ പോയ യുവാവിനെ സമീപത്തെ സിഗ്നലിൽ വച്ചാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 30 വയസുകാരിയാണ് മരിച്ചത്. സൗത്ത് ബെംഗളൂരുവിലെ ഒരു സ്വകാര്യ സർവകലാശാലയിൽ അഞ്ചാം സെമസ്റ്റർ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ ധനുഷ് പരമേശും സുഹൃത്തുമാണ് സംഭവത്തിൽ പിടിയിലായത്. ട്രാവൽ ഏജൻസി ഉടമയായ ധനുഷിന്റെ അച്ഛൻ അടുത്തിടെ വാങ്ങിയ പുതിയ ബെൻസ് കാറുമായി ഇരുവരും കറങ്ങാനിറങ്ങുകയായിരുന്നു. മൈസൂരു ഹൈവേയിൽ ലോംഗ് ഡ്രൈവിന് പദ്ധതിയിട്ട് അമിത വേഗതയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. യശ്വന്ത്പൂരിനടുത്ത് ഡോ രാജ്കുമാർ റോഡിലെ ഒരു മാളിൽ കയറിയ ഇവർ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത്.
മദ്യലഹരിയിൽ ജ്ഞാനഭാരതി ക്യാമ്പസിന് സമീപം റോഡിലുണ്ടായിരുന്ന സ്പീഡ് ബ്രേക്കർ യുവാവിന്റെ കണ്ണിൽപെട്ടില്ല. അമിത വേഗത്തിലായിരുന്ന വാഹനം ഹമ്പിൽ കയറിയിറങ്ങിയതോടെ നിയന്ത്രണം നഷ്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്ന സന്ധ്യ ശിവകുമാർ എന്ന 30കാരിയെ കാർ ഇടിച്ചിട്ടു. എന്നാൽ അപകടമുണ്ടായ ശേഷം പരിക്കേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിക്കാതെ ഇരുവരും വാഹനവുമായി കടന്നുകളയുകയായിരുന്നു. ഇതിനിടെ മറ്റൊരു ബൈക്കിലും കാറിലും ഇവരുടെ ആഡംബര വാഹനം ഇടിച്ചിരുന്നു. ഈ ബൈക്ക് ഓടിച്ചയാളിനും പരിക്കേറ്റിരുന്നു.
അപകട സ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാൻ ഇവർക്ക് സാധിച്ചെങ്കിലും 500 മീറ്റർ അകലെ ഒരു സിഗ്നലിൽ കാർ നിർത്തേണ്ടി വന്നതോടെയാണ് യുവാക്കൾ പിടിയിലായത്. സംഭവത്തിന് സാക്ഷിയായ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് അവിടെ വെച്ച് കാർ തടഞ്ഞ് ഇരുവരെയും പുറത്തിറക്കി മർദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം