'കഴുത്തറുത്തു, ശരീരം മുഴുവൻ മുറിവുകൾ'; ഇന്ത്യ തെരയുന്ന ഭീകരൻ പാക്ക് അധിനിവേശ കശ്മീരിൽ കൊല്ലപ്പെട്ട നിലയിൽ

ഏതാനും ദിവസം മുൻപ് അധിനിവേശ കശ്മീരിലെ നീലം താഴ്​വരയിലെ വീട്ടിൽ നിന്നും  ഷാഹിദിനെ തോക്കുധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു.

master mind of Jammu and Kashmir army camp attack killed in PoK vkv

ദില്ലി: ഇന്ത്യ തെരയുന്ന കൊടും ഭീകരനെ  പാക്ക് അധിനിവേശ കശ്മീരിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മു കാശ്മീരിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലഷ്കറെ ത്വയ്ബ കമാൻ‍ഡർ ആയ ഷാഹിദിന്‍റെ മൃതദേഹം പാക്ക് അധിനിവേശ കശ്മീരിൽ നിന്നാണ് കണ്ടെത്തിയത്.

ഏതാനും ദിവസം മുൻപ് അധിനിവേശ കശ്മീരിലെ നീലം താഴ്​വരയിലെ വീട്ടിൽ നിന്നും  ഷാഹിദിനെ തോക്കുധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു.  ഇതിന് പിന്നാലെ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഷാഹിദിനെ കണ്ടെത്താൻ തെരച്ചിൽ നടത്തിവരുന്നതിനിടിയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഷാഹിദിനെ അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ശരീരം മുഴുവൻ മുറിവേറ്റ പാടുകളും മർദ്ദനത്തിന്‍റെ പാടുകളുമുണ്ടായിരുന്നു. അതേസമയം  സംഭവത്തിൽ ആരും ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. 
    
2018 ഫെബ്രുവരി 10നാണ് ജയ്ഷെ മുഹമ്മദ് സുൻജ്വാൻ കരസേനാ ക്യാംപി‍ൽ ഭീകരാക്രമണം നടത്തിയത് ആക്രമണത്തിൽ ഒരു ഓഫിസർ ഉൾപ്പെടെ 6 സൈനികരാണ് വീരമൃത്യു വരിച്ചത്. ഗർഭിണിയായ യുവതിയും കുട്ടികളുമടക്കം പത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 24 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും ഇന്ത്യ വധിച്ചിരുന്നു. ഇന്ത്യ തെരയുകയായിരുന്ന 18 ഭീകരരാണ് കഴിഞ്ഞ 20 മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. 

Read More : അറബിക്കടലിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദമാകാൻ സാധ്യത; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം

Latest Videos
Follow Us:
Download App:
  • android
  • ios