ജമ്മു കശ്മീരിൽ വൻ മയക്കുമരുന്ന്, കള്ളപ്പണ വേട്ട: പിടിയിലായവർക്ക് ഭീകരവാദ ബന്ധം
പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ മയക്കുമരുന്ന് വേട്ട. ഹന്ദ്‌വാരയിലാണ് ജമ്മു കശ്മീർ പൊലീസ് 21 കിലോഗ്രാം ഹെറോയിനുമായി മൂന്ന് പേരെ പിടികൂടിയത്. ഇവരിൽ നിന്ന് 1.34 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവർക്ക് പാക് ഭീകര സംഘടനയായ ലഷ്‌കർ - ഇ - തോയ്‌ബയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഹെറോയിന് 1.34 കോടി രൂപ വില വരും.
കശ്മീരിൽ ഭീകരവാദ പ്രവർത്തനത്തിന്റെ ഭാഗാമായാണ് പണവും മയക്കുമരുന്നും കടത്തിയതെന്ന് പൊലീസ് പറഞ്ഞു. കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരെ സാമ്പത്തികമായി സഹായിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായവരിലെ പ്രധാനി ഇഫ്‌തിക്കർ ഇന്ദ്രാബിക്ക് എതിരെ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.