പെട്രോൾ അടിക്കാൻ പമ്പിലെത്തിയ മാരുതി 800 കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, ജീവനക്കാരുടെ ഇടപെടലിന് കയ്യടി
പെട്രോൾ പമ്പിൽ മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു കാറിൽ തീപടർന്നത്.
മംഗലാപുരം: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലെത്തിയ മാരുതി 800 കാറിന് തീപിടിച്ചു. പെട്രോൾ പമ്പിൽ മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. മംഗലാപുരം ലേഡിഹില്ലിലെ പെട്രോൾ പമ്പിലാണ് പരിഭ്രാന്തി പരത്തിയ സംഭവമുണ്ടായിരിക്കുന്നത്.
പാർശ്വനാഥ് എന്നയാളുടെ വാഹനത്തിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. പാർശ്വനാഥ് തന്നെയായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. തീപടർന്നതിന് പിന്നാലെ പാർശ്വനാഥ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിൽ പാർശ്വനാഥിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പമ്പിനുള്ളിൽ വാഹനത്തിന് തീപടർന്നതോടെ ജീവനക്കാർ നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവനക്കാർ തീയണയ്ക്കുന്നതും വീഡിയോയിൽ കാണാം. കൃത്യസമയത്ത് തീയണയ്ക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. സോഷ്യൽ മീഡിയയിൽ നിരവധിയാളുകളാണ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. തീപിടിത്തത്തിൻ്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.