കേന്ദ്രത്തിനെതിരെ കോൺഗ്രസിൻ്റെ കുറ്റപത്രം, മൻമോഹനെ അപമാനിച്ചു, സംസ്കാര ചടങ്ങുകളിലും അവഗണന; മറുപടിയുമായി ബിജെപി

'ദേശീയ പതാക മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു'

Manmohan Singh funeral Congress claims mismanagement of union government BJP alleges cheap politics

ദില്ലി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്. വീഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ദൂരദര്‍ശന് മാത്രമായിരുന്നു ചിത്രീകരണത്തിന് അനുമതി. മന്‍മോഹന്‍ സിങിന്‍റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത്. മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കൾ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും പവന്‍ ഖേര വിവരിച്ചു.

50414 കോടി! 'കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നൽകിയ പ്രധാനമന്ത്രി', മന്‍മോഹനെ അനുസ്മരിച്ച് കെപിസിസി

ദേശീയ പതാക മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു. സംസ്ക്കാര സ്ഥലത്ത് അല്‍പം സ്ഥലം മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്. പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും കുറ്റപത്രമായി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പവന്‍ ഖേര ആരോപിച്ചു.

അതേസമയം, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിൽ നടത്തിയതിനെ ചൊല്ലി കോൺഗ്രസ് ബിജെപി വാക്പോര് രൂക്ഷമായി. കോൺഗ്രസിന്‍റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നല്കാൻ ബിജെപി വക്താക്കൾക്ക് നിർദ്ദേശം നല്കി പിവി നരസിംഹറാവുവിന്‍റെ മൃതദ്ദേഹം കോൺഗ്രസ് ആസ്ഥാനത്ത് കയറ്റുന്നത് സോണിയ ഗാന്ധി വിലക്കിയെന്ന ചില നേതാക്കളുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ബിജെപി മറുപടി നല്കുന്നത്. മൻമോഹൻ സിങ് ഈ അപമാനത്തിന് സാക്ഷിയായിരുന്നു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 

മൻമോഹൻ സിങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന കോൺഗ്രസ് ആരോപണത്തിൽ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ രംഗത്തെത്തി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും മൻമോഹൻ സിങിന്‍റെ സംസ്കാരം നടന്ന ദിവസം രാഷ്ട്രീയം കളിക്കുന്നത് ദൗർഭാഗ്യകരമെന്നാണ് നദ്ദ പറഞ്ഞത്. മൻമോഹൻ സിങിന്‍റെ ഭരണകാലത്ത് കോൺഗ്രസ്, സോണിയ ഗാന്ധിയെ സൂപ്പർ പ്രധാനമന്ത്രിയാക്കിക്കൊണ്ട് പ്രധാനമന്ത്രിപദത്തെ അപമാനിച്ചുവെന്നടക്കം നദ്ദ ആരോപിച്ചു. സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മൃതദേഹം എ ഐ സി സി ആസ്ഥാനത്ത് വയ്ക്കാൻ പോലും അനുവദിച്ചില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചതുമില്ല. കോൺഗ്രസിന്റെ തെറ്റുകൾ രാജ്യം മറക്കില്ലെന്നും ജനം പൊറുക്കില്ലെന്നും നദ്ദ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios