കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും
കെജ്രിവാൾ സർക്കാരിലെ കൊവിഡ് ബാധിതനാകുന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നാണ് രോഗം ആദ്യം ബാധിച്ചത്.
ദില്ലി: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ ദില്ലി എൽഎൻജെപി ആശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
സിസോദിയയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവില്‍ കുറവുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ദില്ലിയുടെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം വഹിച്ചിരുന്നവരിൽ ഒരാളായിരുന്ന സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. താൻ വീട്ടിൽത്തന്നെ ചികിത്സയിൽ തുടരുകയാണെന്നും, താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും സിസോദിയ ആവശ്യപ്പെട്ടിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
കെജ്രിവാൾ സർക്കാരിലെ കൊവിഡ് ബാധിതനാകുന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്നാണ് രോഗം ആദ്യം ബാധിച്ചത്. ജൂണിലായിരുന്നു അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയത്.
പിന്നീട് അദ്ദേഹത്തെ പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കിയിരുന്നു.