മണിപ്പൂർ കലാപം: സമാധാന സമിതിയിൽ അംഗങ്ങളെ എടുത്തത് ഏകപക്ഷീയമായി, വിമർശിച്ച് ജെഡിയു
ഇംഫാൽ ഈസ്റ്റിൽ ഇന്ന് വൈകുന്നേരം 5 മണി വരെ കർഫ്യൂവിൽ ഇളവുണ്ട്. എന്നാൽ ഇന്റർനെറ്റ് നിരോധനം സംസ്ഥാനത്ത് ഈ മാസം 20 വരെ തുടരും
ദില്ലി: മണിപ്പൂർ കലാപത്തിൽ സമാധാന സമിതി നോക്കുകുത്തിയായെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമാധാന സമിതിയുമായി ആരും സഹകരിക്കുന്നില്ലെന്നും, സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതൃത്വം നിർദ്ദേശിച്ചയാളുകളെ സർക്കാർ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിലെ കടുത്ത പ്രതിഷേധം ആഭ്യന്തര സെക്രട്ടറിയെയടക്കം അറിയിച്ചിട്ടുണ്ടെന്നും വീരേന്ദ്ര സിംഗ് പറഞ്ഞു.
അതേസമയം ഇംഫാൽ ഈസ്റ്റിൽ ഇന്ന് വൈകുന്നേരം 5 മണി വരെ കർഫ്യൂവിൽ ഇളവുണ്ട്. എന്നാൽ ഇന്റർനെറ്റ് നിരോധനം സംസ്ഥാനത്ത് ഈ മാസം 20 വരെ തുടരും. ഇംഫാല്‍ ഈസ്റ്റില്‍ ഇന്നലെ സുരക്ഷാ സേനയും അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയിരുന്നു. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ചുരാചന്ദ് പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളിൽ ഇന്നലെ പുലർച്ചെ വരെ ഏറ്റുമുട്ടലുണ്ടായിരുന്നു. മുന്നൂറോളം വരുന്ന അക്രമി സംഘം പലയിടത്തും സുരക്ഷാ സേനയെ നേരിടുകയായിരുന്നു. ദ്രുത കര്‍മ്മസേന റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ച് അക്രമി സംഘങ്ങളെ തുരത്തി. ബിജെപി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെയും എംഎല്‍എ വിശ്വജിത്ത് സിംഗിന്‍റെയും വീടുകള്‍ കത്തിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ സൈനിക, പോലീസ് യൂണിഫോമില്‍ വെടിവെപ്പ് നടത്തിയേക്കാമെന്ന മുന്നറിയിപ്പ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലീസിന് കൈമാറി.
സംസ്ഥാനത്ത് ഉൾനാടന്‍ ഗ്രാമങ്ങളിലെ തയ്യല്‍ക്കാരെ സമീപിച്ച് അക്രമികൾ യൂണിഫോം തയ്യാറാക്കുന്നുവെന്നാണ് വിവരം. സൈന്യത്തിന്‍റെ ആയുധശേഖരവും അക്രമികള്‍ കൊള്ളയടിക്കുന്നുണ്ട്. വെടിക്കോപ്പുകളടക്കം അഞ്ച് ലക്ഷത്തോളം ആയുധങ്ങള്‍ ഇതുവരെ നഷ്ടപ്പെട്ടതായാണ് വിവരം. ഇതിന്‍റെ നാലിലൊന്ന് പോലും വീണ്ടെടുക്കാനായിട്ടില്ല. അടിയന്തര ഇടപെടല്‍ തേടിയാണ് പ്രധാനമന്ത്രിയെ കാണാന്‍ സംസ്ഥാനത്ത് നിന്നുള്ള പത്തംഗം പ്രതിനിധി സംഘം ദില്ലിയിലെത്തിയത്. ഇതുവരെ ഇവരെ കാണാനോ സമാധാനാഹ്വാനത്തിനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
Read More: സംഘര്‍ഷം തുടരുന്നു; മണിപ്പൂരില്‍ പ്രശ്നമുണ്ടാക്കുന്നത് നുഴഞ്ഞ് കയറ്റക്കാരെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്
കലാപം കത്തിപടരുമ്പോള്‍ എന്‍ഡിഎയിലും അമര്‍ഷം പുകയുന്നുണ്ട്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. കാഴ്ചക്കാരാകാന്‍ കഴിയില്ലെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും എന്‍പിപി വ്യക്തമാക്കുന്നു. ബിജെപി കഴിഞ്ഞാല്‍ ഏഴ് അംഗങ്ങളുള്ള എന്‍പിപിയാണ് എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷി.