അനുമതി നൽകാനാകില്ലെന്നുറച്ച് മണിപ്പൂര്‍ സർക്കാർ; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയുടെ റൂട്ടിൽ മാറ്റം
സംഘർഷവും ഇംഫാലിലെ മുഖ്യമന്ത്രിയുടെ പൊതു പരിപാടി നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പ്രശ്നം ഉന്നയിച്ചാണ് സംസ്ഥാന സർക്കാർ സമ്മേളനവേദിക്ക് അനുമതി നല്‍കാത്തത്.
ദില്ലി:സർക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂർ പിസിസി അറിയിച്ചു. ഇംഫാലില്‍ എവിടെയും നിയന്ത്രണങ്ങളോടെ മാത്രമേ പരിപാടി നടത്താവു എന്നതാണ് സർക്കാർ നിലപാട്. ഇതിനിടെ അസമിലും നിയന്ത്രങ്ങള്‍ ഏർപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇംഫാലിലെ വേദിക്ക് അനുമതി നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മണിപ്പൂർ സർക്കാർ. ഈ സാഹചര്യത്തിലാണ് പാലസ് ഗ്രൗണ്ടിലെ സമ്മേളനവേദി തൊട്ടടുത്തുള്ള ഥൗബലിലെ കൊങ്ജോമിലേക്ക് മാറ്റാൻ സംസ്ഥാന ഘടകം തീരുമാനിച്ചത്. സംഘർഷവും ഇംഫാലിലെ മുഖ്യമന്ത്രിയുടെ പൊതു പരിപാടി നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പ്രശ്നം ഉന്നയിച്ചാണ് സംസ്ഥാന സർക്കാർ സമ്മേളനവേദിക്ക് അനുമതി നല്‍കാത്തത്.
മണിപ്പൂരിലെ മെയ്തെയ് നഗര മേഖലയായ ഇംഫാലില്‍ നിന്ന് രാഹുല്‍ഗാന്ധിയുടെ യാത്ര കുറേക്കൂടി ഗോത്രമേഖലക്ക് അടുത്തേക്കാണ് നീങ്ങുന്നുവെന്നതാണ് ശ്രദ്ധേയം . കലാപകാലത്ത് മണിപ്പൂരിലെത്തിയപ്പോഴും റോഡ് മാർഗം ഇംഫാലില്‍ നിന്ന് ഗോത്രമേഖലയായ ചുരാചന്ദ്പ്പൂരിലേക്ക് പോകാൻ രാഹുലിനെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നില്ല. അസമിലെ ബിജെപി സർക്കാരും യാത്രക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതായി കോണ്‍ഗ്രസ് പിസിസി പ്രസിഡന്‍റ് ഭൂപൻ ബോറ കുറ്റപ്പെടുത്തി. ജോർഹാട്ടില്‍ യാത്രക്കുള്ള കണ്ടെയ്നർ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ബ്രഹ്മപുത്രയിലൂടെ സഞ്ചരിക്കാൻ റോ റോ സർവീസിന് അനുമതി തരുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം ന്യായ് ജോഡോ യാത്ര തുടങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഇന്ന് എഐസിസിയില്‍ യാത്ര ഒരുക്കങ്ങള്‍ ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് ഉന്നതതല യോഗം ചേരുന്നുണ്ട്.