മംഗളൂരു സ്ഫോടനം: ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരീഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഷാരീഫ് കേരളത്തിലെത്തി ആലുവയില്‍ താമസിച്ചെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്‍ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. 

mangaluru blast case accused cctv visuals

മംഗളൂരു: മംഗളുരു സ്ഫോടന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനം നടക്കുന്നതിന് തൊട്ടു മുൻപുള്ളതാണ് ദൃശ്യങ്ങൾ. ബോംബ് ഘടിപ്പിച്ച ബാഗുമായി മുഹമ്മദ് ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ സഞ്ചാര പാത പൊലീസ് പരിശോധിക്കുകയാണ്. ഷാരീഫ് കേരളത്തിലെത്തി ആലുവയില്‍ താമസിച്ചെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. സെപ്തംബർ മാസത്തിൽ കേരളത്തിലെത്തി ആലുവയിലെ ഒരു ലോഡ്‍ജിലാണ് മുഹമ്മദ് ഷാരീഖ് താമസിച്ചത്. ലോഡ്‍ജ് ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു. അഞ്ചുദിവസമാണ് ഷാരിഖ് ആലുവയില്‍ താമസിച്ചത്. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഓണ്‍ലൈനായി ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു. ആമസോണ്‍ വഴി വാങ്ങിയ  സാധനങ്ങളുടെ കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയില്‍ താമസിച്ച് ഇതെന്തിന് വാങ്ങിയെന്നതിലാണ് അന്വേഷണം. 

ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിന്‍റെ തീവ്രവാദ ബന്ധത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്നും കർണാടക പൊലീസ് എഡിജിപി അലോക് കുമാർ അറിയിച്ചു. ഷാരിഖ് വ്യാജ സിം കാർഡ് സംഘടിപ്പിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്നതടക്കം അന്വേഷണത്തിൽ വ്യക്തമായിട്ടെന്നും എഡ‍ിജിപി പറഞ്ഞു. മംഗലാപുരം നഗരത്തിൽ വലിയ സ്ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഓട്ടോറിക്ഷയിൽ വെച്ച് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും കർണാടക പൊലീസ് വിശദീകരിച്ചു. സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവർക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞാണ് കർണാടക പൊലീസ് അന്വേഷണം നടത്തുന്നത്. ഷാരിഖ് മാത്രമല്ല സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശിയായ സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എഡിജിപി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios