യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന കുക്കറിൽ സ്ഫോടക വസ്തു, വ്യാജ ആധാർ; കോയമ്പത്തൂർ സ്ഫോടനത്തിന് സമാനമെന്ന് പൊലീസ്
കുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് യാത്രക്കാരൻ ഓട്ടോയിൽ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുക്കറിൽ സ്ഫോടനത്തിനുപയോഗിക്കുന്ന സാമഗ്രികൾ, നാല് ഡ്യൂറസെൽ ബാറ്ററികൾ, സർക്യൂട്ട് ടൈപ്പ് വയറുകൾ എന്നിവ ഉണ്ടായിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കർണാടക പൊലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂരിൽ കാറിനുള്ളിൽ എൽപിജി സിലിണ്ടർ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയതിന് സമാനായ കേസാണിതെന്ന് പൊലീസ് പറയുന്നു. കുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് യാത്രക്കാരൻ ഓട്ടോയിൽ കയറിയതെന്ന് പൊലീസ് വ്യക്തമാക്കി. കുക്കറിൽ സ്ഫോടനത്തിനുപയോഗിക്കുന്ന സാമഗ്രികൾ, നാല് ഡ്യൂറസെൽ ബാറ്ററികൾ, സർക്യൂട്ട് ടൈപ്പ് വയറുകൾ എന്നിവ ഉണ്ടായിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ അടങ്ങിയ വ്യാജ ആധാർ കാർഡാണ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ദുർഗ പരമേശ്വരിയുടെ പേരിലാണ് ഓട്ടോ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐഡി കാർഡ് പ്രകാരം യാത്രക്കാരൻ പ്രേം രാജ് കനോഗിയാണെന്നും പൊലീസ് പറഞ്ഞു.
മംഗലാപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നാഗൂരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലാണ് ഇയാൾ കയറിയത്. 50 ശതമാനം പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സംഘത്തിന് അയച്ചിട്ടുണ്ട്.അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബെംഗളൂരുവിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
ഓട്ടോറിക്ഷയിലെ പൊട്ടിത്തെറിക്ക് പിന്നിൽ ഭീകരർ; സ്ഥിരീകരിച്ച് പൊലീസ്, അന്വേഷണം പുരോഗമിക്കുന്നു
പരിക്കേറ്റവർക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മംഗലാപുരം പൊലീസ് കേസ് അന്വേഷിച്ചു വരികയാണെന്നും സ്ഫോടനത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.