അയ്യപ്പനെ അപമാനിച്ച് വിവാദ പ്രസ്താവന; പൊലീസ് വാനിലിട്ട് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു, വീഡിയോ
പ്രശ്നം ഒന്നും കൂടാതെ ബൈരി നരേഷിനെ പ്രദേശത്ത് നിന്ന് കൊണ്ട് പോകാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ എത്തി പൊലീസ് വാഹനത്തിന് അകത്തിട്ട് ബൈരി നരേഷിനെ മര്‍ദ്ദിക്കുകയായിരുന്നു
ഹൈദരാബാദ്: അയ്യപ്പനെയും മറ്റ് ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ യുവാവിനെ പൊലീസ് വാനിനുള്ളിലിട്ട് മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയതിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബൈരി നരേഷ് (42) അറസ്റ്റിലായിരുന്നു. ഇതിന് ശേഷം ലോ കോളജില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. ഒരു സംഘം ആക്രമിക്കുമെന്ന വിവരം ലഭിച്ച ബൈരി നരേഷ് തന്നെയാണ് ഭയന്ന് പൊലീസിനെ വിവരം അറിയിച്ചത്.
പ്രശ്നം ഒന്നും കൂടാതെ ബൈരി നരേഷിനെ പ്രദേശത്ത് നിന്ന് കൊണ്ട് പോകാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ എത്തി പൊലീസ് വാഹനത്തിന് അകത്തിട്ട് ബൈരി നരേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് സംഘം ബൈരി നരേഷിനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആളുകള്‍ കൂടുതലുള്ളതിനാല്‍ ഒന്നും ചെയ്യാൻ സാധിച്ചില്ല. പൊലീസിന്‍റെ മുന്നിലിട്ട് അക്രമികള്‍ ബൈരി നരേഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
യുവാവിനെ അടിക്കുകയും വസ്ത്രം വലിച്ച് കീറുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്തതായി വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ എ വി രംഗനാഥ് പറഞ്ഞു. ഹിന്ദു ദൈവമായ അയ്യപ്പ സ്വാമിയെ കുറിച്ച് വിവാദ പരാമർശം നടത്തിയതിന് നിരീശ്വരവാദി സംഘടന അംഗമായ നരേഷ് ഡിസംബര്‍ 31ന് അറസ്റ്റിലായിരുന്നു.
തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. ജയിലിനുള്ളില്‍ കഴിഞ്ഞപ്പോഴും രോഷാകുലരായ ആളുകൾ തന്നെ ആക്രമിക്കുമോ എന്ന ഭയം നരേഷിന് ഉണ്ടായിരുന്നു. ഇയാളെ ഏകാന്ത തടവിൽ പാർപ്പിച്ചതായി ഭാര്യ പിന്നീട് പരാതി നൽകിയെങ്കിലും ജയിൽ അധികൃതർ ഇത് നിഷേധിച്ചു.
വീരമൃത്യു വരിച്ച സൈനികന്‍റെ പിതാവിനെ ബീഹാര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; സൈന്യം ഇടപെടുന്നു