ഏട്ടായിയുടെ തങ്കച്ചി പാസം! പരീക്ഷയിൽ ജയിപ്പിക്കാൻ ഇങ്ങനെയൊരു 'കടുംകൈ' സ്വപ്നത്തിൽ മാത്രം, സല്യൂട്ടിൽ കുടുങ്ങി
പാൻഗ്ര ബന്ദി സ്വദേശിയായ അനുപം സഹോദരിയെ സഹായിക്കുന്നതിനായി ഉത്തര പകർപ്പുകൾ കടത്താനാണ് പൊലീസ് വേഷത്തില്‍ എത്തിയത്
മുംബൈ: സഹോദരിയെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിക്കുന്നതിന് പൊലീസായി വേഷം കെട്ടിയ യുവാവ് കുടുങ്ങി. പൊലീസ് യൂണിഫോം ധരിച്ച് പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷ ഡ്യൂട്ടിക്കെത്തിയ അനുപം മദൻ ഖണ്ഡാരെ (24) എന്ന യുവാവാണ് പിടിയിലായത്. പറ്റൂർ ടൗണിലെ ഷഹ്ബാബു ഉറുദു ഹൈസ്‌കൂളിൽ 12-ാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസമാണ് സംഭവം.
പാൻഗ്ര ബന്ദി സ്വദേശിയായ അനുപം സഹോദരിയെ സഹായിക്കുന്നതിനായി ഉത്തര പകർപ്പുകൾ കടത്താനാണ് പൊലീസ് വേഷത്തില്‍ എത്തിയത്. പൊലീസ് ഇൻസ്പെക്ടർ കിഷോർ ഷെൽകെയും സംഘവുമാണ് സുരക്ഷാ ഡ്യൂട്ടിക്കായി പരീക്ഷാകേന്ദ്രത്തിൽ എത്തിയത്. മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടപ്പോൾ അനുപം അവരെ സല്യൂട്ട് ചെയ്തു. എന്നാല്‍, ഈ സല്യൂട്ട് ആണ് അനുപമിനെ കുരുക്കിയതും.
അനുപം നല്‍കിയ സല്യൂട്ട് അനുസൃതമല്ലാത്തതിനാലും യൂണിഫോമിലെ നെയിംപ്ലേറ്റ് തെറ്റായതിനാലും യഥാര്‍ത്ഥ പൊലീസുകാര്‍ക്ക് സംശയമുണ്ടായി. വിശദമായ അന്വേഷണത്തിനൊടുവിൽ അനുപമിന്‍റെ പോക്കറ്റിൽ നിന്ന് ഇംഗ്ലീഷ് പരീക്ഷാ പേപ്പറിന്‍റെ കോപ്പി പൊലീസ് കണ്ടെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേത്തുടർന്ന് പൊലീസ് അനുപമിനെ അറസ്റ്റ് ചെയ്യുകയും 1982ലെ നിയമത്തിലെ സെക്ഷൻ 417, 419, 170, 171, സെക്ഷൻ 7 എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം