വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റുന്നില്ല, ഒരു കോളിലൂടെ യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ
വിദേശത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. തിരികെ ജോലി സ്ഥലത്തേക്ക് പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെയാണ് പണം നഷ്ടമായത്.
ബെംഗളൂരു: ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ സൈബർ തട്ടിപ്പിലൂടെ 43 കാരന് മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു. യുവാവിന്‍റെ രണ്ട് ക്രെഡിറ്റ് കാർഡുകളിൽ നിന്നാണ് ഈ തുക തട്ടിയെടുത്തത്. കർണാടകയിലെ ഹൊസൂർ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. വിദേശത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. തിരികെ ജോലി സ്ഥലത്തേക്ക് പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെയാണ് പണം നഷ്ടമായത്.
വെബ്‌സൈറ്റിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞില്ല. തുടർന്ന് കസ്റ്റമർ സർവീസ് നമ്പർ തിരഞ്ഞു. ഇന്‍റർനെറ്റിൽ കണ്ടെത്തിയ ഒരു നമ്പറിൽ ബന്ധപ്പെട്ടപ്പോൾ, ഒരാൾ ഫോണെടുത്തു. ഫ്ലൈറ്റ് ടിക്കറ്റിന്‍റെ പണമടയ്ക്കാൻ സിവിവി നമ്പറും പിൻ നമ്പറും സഹിതം ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകാൻ യുവാവിനോട് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റുകൾക്കുശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് 77,000 രൂപയോളം പോയി.
അതേ നമ്പറിൽ വിളിച്ച് തന്‍റെ അക്കൗണ്ടിൽ നിന്ന് പണം പോയ വിവരം അറിയിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് തുക പോയതെന്നാണ് ഫോണെടുത്തയാൾ പറഞ്ഞത്. പിന്നാലെ 1.5 ലക്ഷം രൂപ കൂടി അക്കൌണ്ടിൽ നിന്ന് നഷ്ടമായി. എന്തോ പന്തികേട് തോന്നിയ യുവാവ് ബാങ്കിൽ വിളിച്ച് അക്കൗണ്ടും ക്രെഡിറ്റ് കാർഡും ബ്ലോക്ക് ചെയ്തു. തട്ടിപ്പുകാർ യുവാവുമായി പിന്നെയും ബന്ധപ്പെട്ടു. പണം തിരികെ അക്കൌണ്ടിൽ വരുമെന്ന് വിശ്വസിപ്പിച്ചു. അക്കൌണ്ട് ബ്ലോക്കാണെന്ന് അറിഞ്ഞതോടെ മറ്റൊരു അക്കൌണ്ടിന്‍റെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അതിലേക്ക് പണമിടാമെന്നും ചെയ്യാമെന്നും പറഞ്ഞു.
വിശദാംശങ്ങൾ നൽകിയതോടെ വീണ്ടും 78,817 രൂപ പോയി. ജൂലൈ 30, 31 തിയ്യതികളിലായിരുന്നു ഇത്. ആഗസ്ത് ഒന്നിന് യുവാവ് പൊലീസിൽ പരാതി നൽകി. തന്‍റെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് കൂടുതൽ പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് കോളുകൾ വന്നതെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പുകാരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
78 ലക്ഷം രൂപ തട്ടിയ മാനേജരും അസിസ്റ്റന്‍റ് മാനേജരും പിടിയിൽ; തിരിമറി നടത്തിയത് സ്വര്‍ണ പണയ വായ്പകളിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം