കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി തർക്കം; താനെയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു
ശനിയാഴ്ച രാവിലെ അംറിൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ അവിടെ ഉദ്യോഗസ്ഥർ തിരക്കിലായിരുന്നതിനാൽ താൻ അൽപനേരം കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് യുവതി പോയി എന്നാണ് പൊലീസിന്റെ ഭാഷ്യം
താനെ: കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 41 വയസുകാരനായ നദീം ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
മിറ റോഡ് സ്വദേശികളായ നദീം ഖാനും ഭാര്യ അംറിനും (36) രണ്ടും പത്തും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ശനിയാഴ്ച രാവിലെ അംറിൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ അവിടെ ഉദ്യോഗസ്ഥർ തിരക്കിലായിരുന്നതിനാൽ താൻ അൽപനേരം കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് യുവതി പോയി എന്നാണ് പൊലീസിന്റെ ഭാഷ്യം.
കുട്ടിയെ കാണാൻ അടുത്തുള്ള സ്കൂളിലേക്കാണ് അംറിൻ പോയത്. എന്നാൽ പോകുന്നതിനിടെ അംറിനും ഭർത്താവും തമ്മിൽ തർക്കമുണ്ടായി. ഇതിനൊടുവിലാണ് ഇയാൾ ഭാര്യയെ കുത്തിക്കൊന്നത്. സംഭവത്തിൽ പൊലീസ് കൊലപാതക കുറ്റം ചുമത്തി നദീം ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്ന് മിറ റോഡ് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം