'15 മിനിട്ടിൽ തിരികെത്തരാം'; 57കാരനിൽ നിന്ന് 85 ലക്ഷം തട്ടി, നഷ്ടമായത് മകന്‍റെ വിദേശ പഠനത്തിന് നിക്ഷേപിച്ച പണം

വിരമിച്ചതിന്‍റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ മെയ് 2ന് ലഭിച്ചു. മെയ് 17നായിരുന്നു മകന്‍റെ വിസ അപ്പോയിന്‍മെന്‍റ്. അതിനിടെ മെയ് 14ന് ഒരു കോള്‍ വന്നു...

Man Received Rs 85 Lakh As Retirement Benefit Then A Call Lost All Money That He Invested To Send Son Abroad

വിശാഖപട്ടണം: സിബിഐ, കസ്റ്റംസ്, നാർക്കോട്ടിക്സ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പ് ഇന്ന് നിത്യ സംഭവമായിരിക്കുകയാണ്. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിപ്പു സംഘം 85 ലക്ഷം രൂപയാണ് കവർന്നത്. ജർമ്മനി ആസ്ഥാനമായുള്ള ഫാർമ കമ്പനിയുടെ മുൻ അസോസിയേറ്റ് ജനറൽ മാനേജരാണ് തട്ടിപ്പിന് ഇരയായത്. 

മകനെ വിദേശത്ത് പഠനത്തിനായി അയക്കാനുള്ള പണം കണ്ടെത്താനായി, മൂന്ന് വർഷത്തെ സർവ്വീസ് ബാക്കി നിൽക്കെ വിരമിച്ച 57കാരനാണ് തട്ടിപ്പിന് ഇരയായത്. വിരമിച്ചതിന്‍റെ ഭാഗമായുള്ള ആനുകൂല്യങ്ങൾ മെയ് 2ന് ലഭിച്ചു. മെയ് 17നായിരുന്നു മകന്‍റെ വിസ അപ്പോയിന്‍മെന്‍റ്. അതിനിടെ മെയ് 14ന് ഒരു സംഘം പൊലീസ് ചമഞ്ഞ് പണം തട്ടിയെന്നാണ് വിശാഖപട്ടണം സ്വദേശി നൽകിയ പരാതിയിൽ പറയുന്നത്. 

സൈബർ ക്രൈം ഡിസിപി ബാൽസിംഗ് രജ്പുത് എന്ന് പറഞ്ഞാണ് തനിക്ക് കോള്‍ വന്നതെന്ന് 57കാരൻ പറഞ്ഞു.  നിരവധി മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ തന്‍റെ പേര് ഉയർന്നുവന്നിട്ടുണ്ടെന്നും ഈ കേസുകളിലെല്ലാം തന്‍റെ ആധാർ കാർഡ് ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. എഫ്ഐആർ ഫയൽ ചെയ്യണോ എന്ന് വിളിച്ചയാള്‍ മറ്റൊരാളെ വിളിച്ചു ചോദിച്ചു.  ജയിലിലടക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. കുറച്ചുനേരം കഴിഞ്ഞ് തന്‍റെ അക്കൌണ്ടിലുള്ള 85 ലക്ഷം രൂപ അയയ്ക്കാൻ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച് പ്രശ്നമൊന്നും കണ്ടില്ലെങ്കിൽ 15 മിനിട്ടിൽ തിരികെ നൽകാമെന്ന് പറഞ്ഞതായും 57കാരൻ വ്യക്തമാക്കി.

സ്‌കൈപ്പിലൂടെയുള്ള ചോദ്യംചെയ്യൽ രണ്ട് ദിവസം നീണ്ടെന്നും ആ രണ്ട് ദിവസവും ആരോടും സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്നും 57കാരൻ പൊലീസിനോട് പറഞ്ഞു. ദില്ലിയിലെ ഉത്തം നഗറിലെ റാണ ഗാർമെന്‍റ്സ് എന്ന എച്ച്ഡിഎഫ്‍സി അക്കൌണ്ടിലേക്കാണ് 57കാരന്‍റെ പണം എത്തിയത്. ഈ അക്കൗണ്ടിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള 105 അക്കൗണ്ടുകളിലേക്ക് തട്ടിപ്പുസംഘം ആ പണം മാറ്റി.വിശാഖപട്ടണത്തെ ബാങ്കിലെ ചില ജീവനക്കാർ ഈ തട്ടിപ്പിൽ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് തട്ടിപ്പിന് ഇരയായ ആള്‍ പറഞ്ഞു. വിരമിച്ച ശേഷം ലഭിച്ച തുക ഉൾപ്പെടെ തന്‍റെ അക്കൗണ്ടിനെക്കുറിച്ച് മുഴുവൻ വിവരങ്ങളും സംഘത്തിന് അറിയാമായിരുന്നെന്ന് 57കാരൻ പറയുന്നു. 

പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് വിശാഖപട്ടണം പൊലീസ് അറിയിച്ചു. എന്നാൽ അന്വേഷണ പുരോഗതിയെ കുറിച്ച് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു. 

യുപിയിൽ വാഹനാപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാറുകള്‍ കൂട്ടിയിടിച്ച്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios