ഹോട്ടലിൽ റൂമെടുത്ത ശേഷം സ്വന്തം കുടുംബത്തോട് യുവാവിന്‍റെ കൊടുംക്രൂരത, അമ്മയേയും 4 സഹോദരിമാരെയും കൊലപ്പെടുത്തി
കൊലപാതകത്തിന് ശേഷം വീഡിയോയും ചീത്രീകരിച്ച അർഷാദിന്‍റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്
ലക്നൗ: അമ്മയെയും നാല് സഹോദരിമാരെയും 24 കാരൻ ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്ത രാജ്യത്തെയാകെ നടുക്കിയതാണ്. കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്‌നൗവിലെ ഹോട്ടലിൽ റൂമെടുത്ത ശേഷമാണ് കുടുംബത്തിലെ അഞ്ചു പേരെയും യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിമാനം രക്ഷിക്കാനാണ് കൊലപാതകമെന്നും അയൽവാസികളാണ് കൊലയ്ക്ക് കാരണമെന്നുമാണ് യുവാവ് ആരോപിക്കുന്നത്. കൊലപാതകത്തിന് ശേഷം വീഡിയോയും ചീത്രീകരിച്ച അർഷാദിന്‍റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
വിശദ വിവരങ്ങൾ ഇങ്ങനെ
ബുധൗനിലെ വീട് അയല്‍വാസികളും ഭൂമാഫിയയും കൈവശപ്പെടുത്തിയെന്നും സഹോദരിമാരെ ലൈംഗികവൃത്തിക്കായി കൊണ്ടുപോകാൻ പദ്ധതിയിട്ടതായി അറിഞ്ഞതുകൊണ്ടുമാണ് കൊലപാതകം നടത്തിയതെന്നാണ് അർഷാദ് പൊലീസിനോട് പറഞ്ഞത്. അമ്മയേയും സഹോദരിമാരേയും ശ്വാസം മുട്ടിച്ചും കൈത്തണ്ട മുറിച്ചാണ് കൊന്നത്. കൊലയ്ക്ക് പിതാവും സഹായിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് നാല് സഹോദരിമാരെയും അമ്മയെയും അർഷാദ് ഹോട്ടൽ മുറിയിൽ വെച്ച് കൊലപ്പെടുത്തിയത്. ആഗ്ര സ്വദേശികളായ കുടുംബം അജ്മീർ യാത്രയ്ക്ക് ശേഷമാണ് ഇവിടേക്ക് എത്തിയത്. കൊലയ്ക്ക് ശേഷം മുറിവിട്ട അർഷാദിനെ പിന്നീട് പൊലീസ് അറസറ്റ് ചെയ്തു. പിതാവിനായി തെരച്ചിൽ തുടരുകയാണ്. അയൽവാസികളായ നാല് പേരാണ് കുടുംബം നശിപ്പിച്ചതെന്നും പൊലീസ് ഉൾപ്പെടെ ആരും ഇടപെട്ടില്ലെന്നും യുവാവ് ആരോപിക്കുന്നു. സമാനമായ ദുരന്തങ്ങൾ മറ്റുള്ളവർക്ക് സംഭവിക്കുന്നത് തടയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഇടപെടണമെന്നും വിഡീയോയിൽ പറയുന്നു. ഭക്ഷണത്തിൽ ലഹരി കലർത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ബാക്കിയുള്ളവരെ ബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ലക്‌നൗവിലെ നാക പ്രദേശത്തെ ശരൺജിത് ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകമെന്ന് സെൻട്രൽ ലക്‌നൗവിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (ഡി സി പി) രവീണ ത്യാഗി വ്യക്തമാക്കി. അമ്മ അസ്‌മയ, സഹോദരികളായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരെയുമാണ് അർഷാദ് കൊലപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം