ഹൈവേയിൽ നിർത്തിയിട്ട ഒഡി കാറിനുള്ളിൽ മുറിവുകളോടെ മൃതദേഹം, കൊലപാതകത്തിന് കേസെടുത്ത് പൊലീസ്
മുംബൈ ഗോവ ഹൈവേയിൽ ഓഡി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ചയാണ് മുംബൈ-ഗോവ ഹൈവേയിൽ ഓഡി കാറിൽ മുറിവുകളോടെ മൃതദേഹം
മുംബൈ: മുംബൈ ഗോവ ഹൈവേയിൽ ഓഡി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ചയാണ് മുംബൈ-ഗോവ ഹൈവേയിൽ ഓഡി കാറിൽ മുറിവുകളോടെ മൃതദേഹം കണ്ടെത്തിയത്. ലക്ഷ്വറി കാറായ ഓഡിയുടെ ചില്ല് തകർത്താണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.
പൂനെയിലെ യശ്വന്ത് നഗർ സ്വദേശിയായ സഞ്ജയ് കാർലെയാണ് മരിച്ചത്. ശരീരത്തിൽ നാല് മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൻവേലി പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മധ്യവസയ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു ആദ്യം നാട്ടുകാരും വീട്ടുകാരുമെല്ലാം അറിഞ്ഞത്. എന്നാൽ മൂന്ന് മാസത്തിന് ശേഷം ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന വിവരം പുറത്തുവന്നു. അച്ഛനെ കൊന്നത് അമ്മ തന്നെയാണെന്ന് മകൾ കണ്ടെത്തുകയായിരുന്നു. കാമുകനോട് ഭർത്താവിനെ കൊന്ന വിവരം പറയുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് ലഭിക്കുകയും അത് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
ഭർത്താവിനെ കൊന്ന് മൂന്ന് മാസത്തിന് ശേഷമാണ് കൊലക്കുറ്റത്തിന് രഞ്ജന രാംതെക് എന്ന സ്ത്രീ അറസ്റ്റിലാകുന്നത്. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ മാറിയുള്ള ചന്ദ്രപൂരിലായിരുന്നു നാടകീയമായ കൊലയും പിടിക്കപ്പെടലും എല്ലാം നടന്നത്. ആഗസ്റ്റിലാണ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് വിരമിച്ചത്. വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. എന്നാൽ കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച രഞ്ജന ഇയാളെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിറ്റേദിവസം രാവിലെ എല്ലാവരോടും ഭർത്താവ് മരിച്ച വിവരം അറിയിച്ചു.
ആർക്കും സംശയം തോന്നിയില്ല. സാധാരണമായൊരു മരണം. മൃതദേഹം സംസ്കരിച്ചു. എല്ലാം രഞ്നയുടെ പദ്ധതി പ്രകാരം തന്നെ നടന്നു.മാസങ്ങൾക്ക് ശേഷം മകൾ ശ്വേത വീണ്ടും വീട്ടിലെത്തിയതോടെയാണ് സത്യം പുറത്തേക്ക് വന്നത്. അപ്രതീക്ഷിതമായി അമ്മയുടെ ഫോൺ ഉപയോഗിച്ച ശ്വേത രഞ്ജന കാമുകനുമായി സംസാരിച്ച ഓഡിയോ ക്ലിപ്പിങ് കണ്ടെത്തി. പിന്നാലെ ഫോൺ സഹിതം ശ്വേത പൊലീസിൽ പരാതി നൽകുകയും ചെയ്തു.