'പാവങ്ങളാ ഞങ്ങൾ, വീടിന് വാതിലില്ല, കുഞ്ഞിനെ ചെന്നായക്കൂട്ടം കൊണ്ടുപോയി'; ചെന്നായപ്പേടിയിൽ യുപിയിലെ ഗ്രാമങ്ങൾ

അഞ്ജലി എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് പേർക്ക് ചെന്നായക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. 

Man eater wolves strike again three year old girl killed 10 killed in two months in UP Bahraich

ലഖ്നൌ: ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും ചെന്നായ ആക്രമണം. ഏറ്റവും ഒടുവിൽ മൂന്ന് വയസ്സുള്ള കുട്ടിയെ കടിച്ചുകൊന്നു. അഞ്ജലി എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് പേർക്ക് ചെന്നായക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. 

പുലർച്ചെ നാല് മണിയോടെയാണ് സംഭവമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു- "ആറു മാസം പ്രായമുള്ള എന്‍റെ കുഞ്ഞ് കരയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ മകളെ കാണാനില്ല. ചെന്നായ കൊണ്ടുപോയി എന്ന് എനിക്ക് മനസ്സിലായി. അവളെ കണ്ടുകിട്ടിയപ്പോൾ രണ്ട് കൈകളിലും കടിയേറ്റ നിലയിലായിരുന്നു. അവളെ നഷ്ടമായി. ഞങ്ങൾ കൂലിപ്പണി ചെയ്യുന്ന പാവപ്പെട്ടവരാണ്. ഞങ്ങളുടെ വീടിന് വാതിലില്ല. അങ്ങനെയാണ് ചെന്നായ അകത്തുകയറിയത്".

കഴിഞ്ഞ ദിവസം ചെന്നായ ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമലാദേവി, ഏഴ് വയസ്സുകാരൻ പരസ്, അഞ്ചല എന്നിവർക്കാണ് ചെന്നായ ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി 11.30 ഓടെ ടോയ്‍ലറ്റിൽ പുോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് കമലാദേവി പറഞ്ഞു. കഴുത്തിലും ചെവിയിലും കടിയേറ്റു. ഉറക്കെ നിലവിളിച്ചപ്പോഴാണ് ചെന്നായ പിടിവിട്ടതെന്നും കമലാദേവി പറഞ്ഞു.

ബഹ്റയിച്ച് ജില്ലയിൽ നേരത്തെ എട്ട് കുട്ടികളും ഒരു സ്ത്രീയും ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് ചെന്നായകളുടെ നീക്കങ്ങൾ അധികൃതർ നിരീക്ഷിക്കുകയാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുറത്ത് കിടന്നുറങ്ങാതെ വീടിനുള്ളിൽ ഉറങ്ങണമെന്നും ബഹ്‌റൈച്ച് കളക്ടർ മോണിക്ക റാണി നിർദേശം നൽകി. നാല് ചെന്നായകളെ ഇതിനകം പിടികൂടിയെന്നും രണ്ടെണ്ണത്തെ ഇനിയും പിടികൂടാനുണ്ടെന്നും പട്രോളിംഗ് നടത്തുകയാണെന്നും കളക്ടർ അറിയിച്ചു. ആനപ്പിണ്ടം പല സ്ഥലങ്ങളിലായി കൊണ്ടുചെന്നിട്ട് ചെന്നായകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാൻ ശ്രമം നടത്തി. ആനകളെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലങ്ങളിൽ സാധാരണ ചെന്നായകൾ സഞ്ചരിക്കാറില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios