കൊവിഡ് ഭയം; ദില്ലിയിൽ ഐ ആർ എസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
കൊവിഡ് രോഗം കുടുംബക്കാർക്ക് പകരും എന്ന പേടിയുണ്ടെന്നും താൻ കാരണം കുടുംബം കഷ്ടപ്പെടരുത് എന്നും കാറിനുള്ളിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
ദില്ലി: കൊവിഡ് രോഗബാധയെക്കുറിച്ചുള്ള ഭയം മൂലം ഐആർഎസ് ഓഫീസർ ആത്മഹത്യ ചെയ്തു. അമ്പത്തിയാറുകാരനായ ശിവരാജ് സിംഗാണ് ആത്‍മഹത്യ ചെയ്തത്. തന്നിൽ നിന്നും രോഗം മറ്റുള്ള കുടുംബാംഗങ്ങളിലേക്ക് പകരുമോ എന്ന ഭീതിയെ തുടർന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കാറിനുള്ളിൽ വച്ച് ആസിഡ് പോലെയുള്ള വസ്തു ഉള്ളിൽച്ചെന്നാണ് മരണം. ഞായറാഴ്ച ദില്ലിയിലെ ദ്വാരക പ്രദേശത്ത് വച്ചാണ് സംഭവം.
ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ താൻ കൊവിഡ് രോഗത്തിന്റെ വാഹകനായിരുന്നോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് രോഗം കുടുംബക്കാർക്ക് പകരും എന്ന പേടിയുണ്ടെന്നും താൻ കാരണം കുടുംബം കഷ്ടപ്പെടരുത് എന്നും കാറിനുള്ളിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
ദ്വാരകയിലെ സൗത്ത് പൊലീസ് സ്റ്റേഷന് സമീപത്താണ് കാറിനുള്ളിൽ അബോധാവസ്ഥയിലായ നിലയിൽ ഇയാളെ കണ്ടെത്തുന്നത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ആസിഡ് പോലെയുള്ള ദ്രാവകം കഴിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതായി പൊലീസ് അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അദ്ദേഹം വളരെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.