വെള്ളമടിച്ചിട്ട് പറയുന്നതല്ല സാറേ.., തൊലി കളഞ്ഞ ഉരുളക്കിഴങ്ങാണ് പോയത്; പ്രതിയെ പിടിച്ചേ പറ്റൂ എന്ന് യുവാവ്
ഉത്തർപ്രദേശ് എമർജൻസി ഹെൽപ്പ് ലൈനിലേക്കാണ് (UP-112) ഉരുളക്കിഴങ്ങ് മോഷണം റിപ്പോർട്ട് ചെയ്തുള്ള കോൾ വന്നത്.
ലഖ്നൗ: വീട്ടിൽ നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയത് അന്വേഷിക്കണമെന്ന ആവശ്യവുമായി പൊലീസിനെ വിളിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. തൻ്റെ വീട്ടിൽ നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് വിജയ് വെര്‍മയെന്നയാൾ പൊലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും പ്രതിയെ പിടികൂടണമെന്ന് വിജയ് പൊലീസിനോട് നിരന്തരം പറയുകയും ചെയ്തു.
ദീപാവലിയുടെ തലേദിവസമാണ് മോഷണം നടന്നത്. ഉത്തർപ്രദേശ് എമർജൻസി ഹെൽപ്പ് ലൈനിലേക്കാണ് (UP-112) ഉരുളക്കിഴങ്ങ് മോഷണം റിപ്പോർട്ട് ചെയ്തുള്ള കോൾ വന്നത്. മോഷണം ഉണ്ടായതായി വിവരം ലഭിച്ചതോടെ ഉടൻ തന്നെ പൊലീസ് സംഘം വിജയ്‍യുടെ വീട്ടിലെത്തി. ഭക്ഷണം പാകം ചെയ്യുന്നതിനായി തൊലി കളഞ്ഞ് ഉരുളക്കിഴങ്ങ് വച്ചിരുന്നു. ഇതാണ് പിന്നീട് നോക്കിയപ്പോൾ കാണാതായതെന്ന് വിജയ് പൊലീസിനോട് പറഞ്ഞു.
പൊലീസ് അളവ് ചോദിച്ചപ്പോഴാണ് 250 ഗ്രാം ഉരുളക്കിഴങ്ങ് ആണ് നഷ്ടപ്പെട്ടതെന്ന് വിജയ് പറയുന്നത്. ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസ് വിജയ്‍യോട് ചോദിച്ചു. പകൽ മുഴുവൻ കഠിനാധ്വാനം ചെയ്ത്, വൈകുന്നേരം ഒരു ചെറിയ ഡ്രിങ്ക് കഴിക്കുന്നത് പതിവാണെന്ന് വിജയ് മറുപടി പറഞ്ഞു. മദ്യപിച്ചതിന്‍റെ ലഹരിയിലല്ല വിളിച്ചതെന്നും ഉരുളക്കിഴങ്ങിനെ കുറിച്ച് അന്വേഷിക്കണമെന്നും വിജയ് പറഞ്ഞുകൊണ്ടേയിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിട്ടുണ്ട്. പല തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങൾ ഉണ്ടായത്. വേഗത്തിലുള്ള പൊലീസ് ഇടപെടലിനെ നിരവധി പേര്‍ പ്രശംസിച്ചപ്പോൾ ഇത്തരം അസംബന്ധ കാര്യങ്ങളില്‍ പൊലീസിന്‍റെ സമയം പാഴാക്കുന്നതിനെതിരെ വിമര്‍ശനങ്ങളുമുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം