16 വർഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയയാളെ അപ്രതീക്ഷിതമായി കണ്ടെത്തി; കൊലക്കേസിൽ ജയിലിൽ കഴിഞ്ഞത് 4 ബന്ധുക്കൾ

നാടും വീടുമൊന്നുമില്ലാതെ തനിച്ച് താമസിക്കുകയായിരുന്ന ആളിനെ കുറിച്ച് പൊലീസുകാർക്ക് തോന്നിയ ചില സംശയങ്ങളാണ് വലിയൊരു കേസിനെ തന്നെ മാറ്റിമറിച്ചത്.

man believed to be murdered before 16 years dramatically spotted in front of police patrolling vehicle

പാറ്റ്ന: പതിവ് പട്രോളിങ് നടത്തുകയായിരുന്ന ഒരു സംഘം പൊലീസുകാർക്ക് മുന്നിൽ വന്നുപെട്ടയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് മറ്റൊരു സംസ്ഥാനത്ത് 16 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കൊലക്കേസിൽ. സ്വത്തിനായി ബന്ധുക്കൾ കൊന്നെന്ന് കരുതപ്പെട്ടിരുന്ന ആളാണ് തങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്ന് പൊലീസുകാർ അപ്പോൾ അറിഞ്ഞതുമില്ല. പിന്നീട് കാര്യങ്ങൾ വ്യക്തമായപ്പോൾ കൊലക്കേസിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് പ്രതിചേർക്കപ്പെട്ട ബന്ധുക്കൾ.

ഉത്തർപ്രദേശിലെ ജാൻസിയിൽ കഴിഞ്ഞ ദിവസം പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാർക്ക് മുന്നിൽ 50 വയസ് തോന്നിക്കുന്ന ഒരാൾ പ്രത്യക്ഷപ്പെട്ടു. ചോദിച്ചപ്പോൾ ആറ് മാസമായി ഗ്രാമത്തിൽ താമസിക്കുകയാണെന്നും പേര് നാഥുനി പാൽ എന്നാണെന്നും പറഞ്ഞു. സ്വദേശം ബിഹാറിലെ ഡിയോറിയ. ഒറ്റയ്ക്കാണ് താമസമെന്നും ആറ് മാസം മുമ്പാണ് ജാൻസിയിലെത്തിയതെന്നും വ്യക്തമായി. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു, വളരെക്കാലം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയി. 16 വർഷമായി ബിഹാറിലേക്ക് പോയിട്ടെന്നും ഇയാൾ പറഞ്ഞു.

എന്തോ സംശയം തോന്നി വിശദമായി അന്വേഷിച്ച പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 2009ൽ നാഥുനിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. അമ്മയുടെ സഹോദരൻ പൊലീസിൽ പരാതിയും നൽകി. നാഥുനിയുടെ മൂന്ന് സഹോദരങ്ങളും ഒരു അമ്മാവനും കൂടിച്ചേർന്ന് സ്വത്ത് തട്ടിയെടുക്കാനായി ഇയാളെ കൊന്നുവെന്നായിരുന്നു പരാതി. പിന്നാലെ കുറ്റം ആരോപിക്കപ്പെട്ട നാല് പേരും അറസ്റ്റിലായി.

സഹോദരന്മാരിൽ ഒരാൾ പൊലീസുകാരനായിരുന്നു. ഇയാളുടെ പേരിലും കേസെടുത്തിരുന്നെങ്കിലും പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നാല് പേരും എട്ട് മാസം ജയിലിൽ കിടന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. അമ്മാവൻ പിന്നീട് മരിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊല്ലപ്പെട്ടെന്ന് കരുതിയ ആളെ കണ്ടെത്തിയ വാർത്ത ഇവരെ തേടിയെത്തുന്നത്. വിവരമറി‌ഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ച സഹോദരന്മാരിൽ ഒരാൾ കരഞ്ഞു കൊണ്ട് പറ‌ഞ്ഞത് ഇനിയെങ്കിലും കൊലക്കേസിൽ നിന്ന് തങ്ങൾ ഒഴിവാകുമല്ലോ എന്നായിരുന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. നാഥുനിയെ ബിഹാർ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios