പരസ്യ ബോർഡ് നിലംപൊത്തി ദുരന്തം: പരസ്യ കമ്പനി ഉടമ മുൻപും പ്രതി, ആകെ 24 കേസുകൾ, ഒളിവിലെന്ന് പൊലീസ്

2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭാവേഷിനെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 24 കേസുകളുണ്ട്

Man Behind Mumbai Billboard That Collapsed 24 Cases Already Against Him Now Charged Culpable Homicide

മുംബൈ: ശക്തമായ പൊടിക്കാറ്റിനിടെ പരസ്യ ബോർഡ് വീണ് മുംബൈയിൽ 16 പേർ മരിച്ച സംഭവത്തിൽ പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയുടെ ഉടമയായ ഭാവേഷ് ഭിൻഡെക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 24 കേസുകൾ ഇതിനകമുണ്ട്. ഭിൻഡെ ഒളിവിലാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് പറഞ്ഞു. 

2009ൽ മുലുന്ദ് നിയോജക മണ്ഡലത്തിൽ നിന്ന്  ഭവേഷ് ഭിൻഡെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ട്, നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്‍റ് ആക്‌ട് എന്നിവ പ്രകാരം തനിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ മുലുന്ദ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനായി റെയിൽവേയിൽ നിന്നും മുംബൈ സിവിൽ ബോഡിയായ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും നിരവധി കരാറുകൾ ഭിൻഡെ നേടിയിട്ടുണ്ട്. എന്നാൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ നിയമങ്ങൾ ലംഘിച്ചതായി ഇയാള്‍ക്കെതിരെ പരാതിയുണ്ട്. അനധികൃതമായി മരം മുറിക്കൽ, മരത്തിന് വിഷമടിച്ച് ഉണക്കൽ എന്നിങ്ങനെയുള്ള പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. 

ഘാട്‌കോപ്പറിൽ വീണ പരസ്യ ബോർഡ് 120X120 അടി വലുപ്പമുള്ളതാണ്. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിരുന്നു. എന്നാൽ 40X40 അടിയിൽ കൂടുതൽ വലിപ്പമുള്ള പരസ്യ ബോർഡുകൾക്ക് അനുമതി നൽകാറില്ലെന്നാണ് കോർപ്പറേഷന്‍റെ പ്രതികരണം. നഗരത്തിലെ എല്ലാ അനധികൃത പരസ്യ ബോർഡുകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന്  ബിഎംസി കമ്മീഷണർ ഭൂഷൺ ഗഗ്രാനി പറഞ്ഞു.

അതേസമയം റെയിൽവേ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെ അനുമതി ലഭിച്ചിരുന്നുവെന്നാണ് ഭിന്‍ഡെയുടെ ഏജൻസിയുടെ അവകാശവാദം. എന്നാൽ കോർപറേഷന്‍റെ പരിധിയിലുള്ള പ്രദേശങ്ങളിലെ എല്ലാ പരസ്യ ബോർഡുകൾക്കും മുനിസിപ്പൽ കോർപ്പറേഷന്‍റെ അനുമതിയും ആവശ്യമാണെന്ന് ബിഎംസി അധികൃതർ പ്രതികരിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂചികുത്താനിടമില്ല, ഒന്ന് കയറിപ്പറ്റാൻ സ്ത്രീകളുടെ പെടാപ്പാട്; എന്തൊരവസ്ഥ! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios