ദില്ലിയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി; ആത്മഹത്യാക്കുറിപ്പ് റോഡിൽ കണ്ടെത്തി
ദില്ലിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു
ദില്ലി: പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ ബാഗ്‌പത് സ്വദേശിയായ ജിതേന്ദ്ര എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷമാണ് യുവാവ് തീകൊളുത്തിയത്. യുവാവിന് സാരമായി പൊള്ളലേറ്റുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്ന് ദില്ലി പൊലീസ് വിലയിരുത്തുന്നു.
വൈകീട്ട് മൂന്നരയ്ക്കാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ റോഡിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചു. നനഞ്ഞ തുണി ദേഹത്തേക്കിട്ട് തീ കെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുപിയിലെ ബാഗ്പത് സ്വദേശിയാണ് ആത്മഹത്യ ശ്രമം നടത്തിയ ജിതേന്ദര്‍ കുമാര്‍. ഉത്തർ പ്രദേശ് പോലീസ് തനിക്കെതിരെയെടുത്ത കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നും, നീതി ലഭ്യമാക്കുന്നില്ലെന്നും ജിതേന്ദ്ര ദില്ലി പോലീസിന് മൊഴി നൽകി. 2021 ൽ ബാഗ്പത്തിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിൽ ജിതേന്ദ്ര പ്രതിയാണെന്ന് ദില്ലി പോലീസ് സ്ഥിരീകരിച്ചു.
ആര്‍എംഎല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ നില അതീവ ഗുരുതരമാണ്. ഇയാൾ രാവിലെ ട്രെയിനിലാണ് പെട്രോളുമായി നാട്ടിൽ നിന്നും ദില്ലിയിലേക്ക് വന്നത്. യുവാവിന്റെ ബാഗിൽ നിന്ന് ആത്മഹത്യ കുറിപ്പെന്ന് സംശയിക്കുന്ന രണ്ട് പേജ് കത്ത് കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി. പാർലമെന്റിന് മുന്നിൽ സുരക്ഷ ശക്തമാക്കി. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള പാർലമെന്റിന് മുന്നിൽ ഇത്തരത്തിലൊരു സംഭവം നടന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് ദില്ലി പോലീസ് അറിയിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)