അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ യുവാവിന് കൊവിഡ്; 28 പൊലീസുകാർ ക്വറന്റീനിൽ
സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ ബ്യൂട്ടി പാർലർ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
സേലം: അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ സേലത്ത് അറസ്റ്റിലായ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേലത്തെ 28 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂർ സർക്കാർ എൻജിനീയറിംഗ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ക്വറന്റീൻ കേന്ദ്രത്തിലാണ് പൊലീസുകാരെ പാർപ്പിച്ചിരിക്കുന്നത്.
ബ്യൂട്ടി പാർലർ നടത്തുന്ന 35 കാരനും കൂട്ടാളികളായ കൃഷ്ണൻ(36), അജയ് (28) എന്നിവരാണ് അശ്ലീല വീഡിയോ നിർമ്മിച്ചെന്ന പരാതിയിൽ അറസ്റ്റിലായത്. വിധവയായ യുവതിയും അവരുടെ സുഹൃത്തുമാണ് ഇവർക്കെതിരെ പരാതി നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അശ്ലീല വീഡിയോകൾ ഉപയോഗിച്ച് പ്രതികൾ പരാതിക്കാരിയായ യുവതികളെ പല തവണ പീഡത്തിന് ഇരയാക്കിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും അവർ വ്യക്തമാക്കി. സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ ബ്യൂട്ടി പാർലർ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
പരിശോധനാ ഫലം പുറത്തുവന്നതോടെ സേലം ടൗൺ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഈശ്വരൻ, പൊലസ് ഇൻസ്പെക്ടർ പളനിയമ്മൽ എന്നിവരുൾപ്പെടെ 28 ഉദ്യോഗസ്ഥരെയാണ് ക്വറാന്റീൻ ചെയ്തത്.