കഴുത്തിലും കൈയ്യിലും സ്വർണ്ണം, ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി, 10 അടി താഴ്ചയിൽ കുഴിച്ചിട്ടു; പ്രതി പിടിയിൽ
അനിതയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങളെല്ലാം കവർന്നു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി തന്‍റെ വീടിനടുത്ത് 10 അടിയോളം താഴ്ചയിൽ കുഴികുത്തി കുഴിച്ചിട്ടുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
മുംബൈ: രാജസ്ഥാനിലെ ജോധ്പൂരിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 10 അടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുലാമുദ്ദീൻ ഫാറൂഖിയെന്ന ആളെയാണ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒൻപതാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 20 വയസുകാരിയായ ബ്യൂട്ടീഷ്യൻ അനിത ചൗധരിയെ ഗുലാമുദ്ദീൻ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി മുംബൈയിലേക്ക് കടക്കുകയായിരുന്നു.
അനിത ചൗധരി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അനിതയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങളെല്ലാം കവർന്നു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി തന്‍റെ വീടിനടുത്ത് 10 അടിയോളം താഴ്ചയിൽ കുഴികുത്തി കുഴിച്ചിട്ടുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അനിതയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്‌ടോബർ 28നാണ് അനിതയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുലാമുദ്ദീൻ ഫാറൂഖിയിലേക്ക് പൊലീസ് എത്തുന്നത്.
അനിതയെ കാണാതായ ദിവസം അവർ ഗുലാമുദ്ദീൻ ഫാറൂഖിയുടെ വീട്ടിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഗുലാമുദ്ദീന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ഭർത്താവാണ് കൊലപാതകം നടത്തിയതെന്ന് അവർ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഗുലാമുദ്ദീന്‍റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിതയെ കൊലപ്പെടുത്തിയ ശേഷം ഗുലാമുദ്ദീൻ ട്രെയിനിൽ മുംബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. തെക്കൻ മുംബൈയിൽ പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയ രാജസ്ഥാൻ പൊലീസ് മുംബൈ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.