ഒഡിഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ മലയാളികളും; ഞെട്ടൽ മാറാതെ, ദുരന്തം വിവരിച്ച് യാത്രക്കാർ
ദുരന്ത നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവരുടെ വാക്കുകളിൽ നിന്നും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ വൻദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ മലയാളികൾ. ഒഡിഷയിലെ ബലസോറിൽ ബനഹഗ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഏഴ് മണിയോടെയാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഇതുവരെ 280 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തൃശൂരിൽ നിന്നുള്ള നാലംഗസംഘം ഉൾപ്പെടെ ഒഡിഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളികൾ. ദുരന്ത നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവരുടെ വാക്കുകളിൽ നിന്നും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ പറയുന്നു. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു അന്തിക്കാട് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു എന്നീ നാല് പേരും. ബാലസോറിൽ വെച്ച് അപകടമുണ്ടായി. രണ്ട് വട്ടം ട്രെയിൻ ഇടത്തേക്ക് മറിഞ്ഞുവെന്ന് പരിക്കേറ്റ അന്തിക്കാട് സ്വദേശി കിരൺ പറഞ്ഞു.
'കോച്ചിൽ ഒപ്പം യാത്ര ചെയ്ത ആളുകളിൽ പലരും മരിച്ചു. നിൽക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമർജൻസി വാതിൽ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞങ്ങളിൽ ഒരാളുടെ പല്ല് പോയി. നടുവിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിന് ശേഷം ഒരു വീട്ടിൽ അപയം തേടി. അതിന് ശേഷം ആശുപത്രിയിലെത്തി അഡ്മിറ്റായെന്നും രക്ഷപ്പെട്ട കിരൺ വ്യക്തമാക്കി.
ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്ന് ട്രെയിനിൽ ഉണ്ടായിരുന്ന ചേലക്കര എളനാട് സ്വദേശി പറഞ്ഞു. നടുവിൽ ഉള്ള ബോഗിയിൽ ആയതിനാൽ ജീവൻ രക്ഷപെട്ടു. സഹോദരനും കുടുംബത്തിനും ഒപ്പം കൽക്കത്തയിൽ പോയി തിരിച്ചു വരിക ആയിരുന്നു. നാല് പേരുള്ള സംഘം ആണ് യാത്രയിൽ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയിലെ ഹോട്ടലിൽ സപ്ലെയറായി ജോലി ചെയ്യുന്ന സാഗർ ആണ് രക്ഷപ്പെട്ടവരിൽ മറ്റൊരാൾ. ബംഗാളിൽ നിന്ന് ലീവ് കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു സാഗർ. ഒപ്പമുണ്ടായിരുന്നവർ പരിക്കേറ്റ് ആശുപത്രികളിലാണെന്നും സാഗർ പറയുന്നു. കോറമാണ്ടൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു അവർ.
രാജ്യത്തെ നടുക്കിയ ദുരന്തം: കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി