കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര
ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2.5 ലക്ഷം കടന്നു.
മുംബൈ: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം 3007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 85,975ആയി ഉയര്‍ന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 84,186 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ചൈനയിലായിരുന്നു. ചൈനയില്‍ ഇതുവരെ 4638 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പേര്‍ മരിച്ചതോടെ മരണസംഖ്യ 3060 ആയി ഉയര്‍ന്നു.
ഇന്ത്യയില്‍ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സ്ഥിരീകരിച്ച കേസുകളില്‍ ഏതാണ്ട് മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. തലസ്ഥാന നഗരമായ മുംബൈയാണ് മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്‌സ്‌പോട്ട്. മുംബൈയില്‍ കഴിഞ്ഞ ദിവസം 1421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 48,549 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ധാരാവിയിലും 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തില്‍ ദില്ലി, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രക്ക് പിന്നില്‍. ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം 10000 കടന്നു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2.5 ലക്ഷം കടന്നു. അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്.