വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, സംഭവം നാട്ടുകാരറിഞ്ഞു, നാണക്കേട് ഭയന്ന് ആത്മഹത്യ
നാട്ടുകാർ സംഭവം വീഡിയോയിലും പകർത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഗെയ്‌ക്‌വാദ് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
മുംബൈ: സ്കൂളിൽ വിദ്യാർഥികളുടെ മുന്നിൽ പരസ്യമായി മദ്യപിച്ച പ്രധാനാധ്യാപകൻ പൊതുജന പ്രതിഷേധം ഭയന്ന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ലോഹ താലൂക്കിലെ ലിംബോട്ടിയിലാണ് സംഭവം. 55കാരനായ സ്കൂൾ പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയാണ് ഇയാൾ സ്കൂളിൽ മദ്യപിക്കാൻ തുടങ്ങിയത്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലും ഇയാൾ ക്ലാസ് മുറിയിൽ മദ്യം കഴിച്ചുവെന്നും പറയുന്നു. ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട് പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ വിഷയം അന്വേഷിക്കാൻ മൂന്ന് അധ്യാപകരെ സ്‌കൂളിലേക്ക് അയച്ചു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. നാട്ടുകാർ സംഭവം വീഡിയോയിലും പകർത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഗെയ്‌ക്‌വാദ് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് മാലക്കൊല്ലി പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കുടുംബാംഗങ്ങളുടെയും സ്കൂൾ അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)