കൊവിഡ് കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് നിര്‍ദേശിച്ച് മന്ത്രി, തീരുമാനം നാളെ
പ്രതിദിനം 50000-60000 കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.31 ലക്ഷം ആക്ടീവ് രോഗികളാണ് നിലവിലുള്ളത്.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചെന്ന് ദുരന്തനിവാരണ മന്ത്രി വിജയ് വഡേട്ടിവാര്‍ പറഞ്ഞു. വരാനിരിക്കുന്ന ആഘോഷ സീസണുകള്‍ കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ നടത്തുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിദിനം 50000-60000 കേസുകളാണ് മഹാരാഷ്ട്രയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 5.31 ലക്ഷം ആക്ടീവ് രോഗികളാണ് നിലവിലുള്ളത്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ 10 ലക്ഷം ആക്ടീവ് കേസുകള്‍ ഉണ്ടാകും. കൊവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ക്ഡൗണിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച 56.286 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 376 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.