ആഭ്യന്തര വിമാന സര്‍വീസ്: എതിര്‍പ്പുമായി ഉദ്ധവ് താക്കറെ
സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിമാനത്താവളത്തിന് പുറത്ത് എല്ലാം സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ വിമാന സര്‍വീസ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
എന്നാല്‍, മഹാരാഷ്ട്രയടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും ആഭ്യന്തര വിമാന സര്‍വീസിന് അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനാണ് കേന്ദ്ര തീരുമാനം. സര്‍വീസ് തുടങ്ങാനുള്ള എല്ലാ ഒരുക്കം നടത്താന്‍ വിമാന കമ്പനികള്‍ക്കും വിമാനത്താവള അതോറിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.