മഹാവികാസ് അഘാഡി സർക്കാർ താഴേക്ക്? പവാർ മുംബൈയ്ക്ക്, ഫട്നാവിസ് ദില്ലിക്ക്, നിർണായകം
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ 16 പേർ മാത്രമാണെത്തിയത്. ദില്ലിയിലും മുംബൈയിലുമായി തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ തുലാസ്സിലാടി നിൽക്കുകയാണ്. കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യസർക്കാരിലെ അഞ്ച് മന്ത്രിമാരടക്കം 22 പേർ ഗുജറാത്തിലെ സൂറത്തിലുള്ള ലെ മെറിഡിയൻ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറി. താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ ഏക് നാഥ് ഷിൻഡെയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയിരിക്കുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഏക് നാഥ് ഷിൻഡെയ്ക്കെതിരെ കടുത്ത നടപടിയെടുക്കാനൊരുങ്ങുകയാണ് ശിവസേന. നിയമസഭാ കക്ഷി നേതാവായിരുന്ന ഷിൻഡെയെ മാറ്റി അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി നിയമിച്ചിട്ടുണ്ട്.
അതേസമയം, പദവിക്കായി ഞങ്ങൾ കൂറുമാറില്ലെന്നാണ് ഏക് നാഥ് ഷിൻഡെ അൽപസമയം മുമ്പ് പുറത്തിറക്കിയ ട്വീറ്റിൽ പറയുന്നത്. ''ഞങ്ങൾ ബാലാസാഹെബിന്‍റെ ശക്തരായ അനുയായികളായ ശിവസൈനികരാണ്. ബാലാസാഹെബ് ഞങ്ങളെ പഠിപ്പിച്ചത് ഹിന്ദുത്വമാണ്. അധികാരത്തിന് വേണ്ടി മാത്രം ബാലാസാഹെബിന്‍റെ തത്വചിന്തകളെ ഞങ്ങൾ കൈവിടില്ല'', എന്നാണ് ഷിൻഡെ കുറിക്കുന്നത്.
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മുതിർന്ന ബിജെപി നേതാക്കളുമായി ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ലെ മെറിഡിയൻ ഹോട്ടലിന് ചുറ്റും കനത്ത സുരക്ഷയാണ് ഗുജറാത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശിവസേനയിലും കോൺഗ്രസിലും പ്രതിസന്ധിഘട്ടത്തിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽ 16 പേർ മാത്രമാണെത്തിയത്. ദില്ലിയിലും മുംബൈയിലുമായി തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ദില്ലിയിൽ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനായി വൈകിട്ട് ചേരാനിരിക്കുന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാതെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുംബൈയ്ക്ക് തിരിച്ചു. മുൻ മഹാരാഷ്ട്രമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസാകട്ടെ ദില്ലിയിലേക്കും പോയിട്ടുണ്ട്.
സ്ഥിതി വിലയിരുത്തി കോൺഗ്രസ് മുതിർന്ന നേതാവ് കമൽ നാഥിനെ എഐസിസി നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്. ഷിൻഡെയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും തൽക്കാലം വേണ്ടെന്നാണ് നിലവിൽ ശിവസേനയുടെ തീരുമാനം. ഷിൻഡെയുടെ അടുത്തേക്ക് നേരിട്ട് ഒരു ദൂതനെ ചർച്ചയ്ക്കായി അയക്കാമെന്നായിരുന്നു തീരുമാനമെങ്കിലും ഇപ്പോൾ അത് വേണ്ടെന്നാണ് ശിവസേനയുടെ തീരുമാനം. ഷിൻഡെ മുംബൈയ്ക്ക് വന്നാൽ മാത്രമേ ചർച്ചയുണ്ടാകൂ. ആ സൂചന നൽകുന്നതായി ഷിൻഡെയ്ക്ക് എതിരെ സ്വീകരിച്ച നടപടിയും.
അതേസമയം, തനിക്ക് മുഖ്യമന്ത്രി ആകണമെന്ന ഒരു സൂചനയും ഏക് നാഥ് ഷിൻഡെ തന്നോട് പറഞ്ഞിട്ടില്ലെന്നും, ഇത് മഹാരാഷ്ട്ര സർക്കാരിനെ താഴെ വീഴ്ത്താനുള്ള ബിജെപിയുടെ ഹീനനീക്കമാണെന്നും ശരദ് പവാർ ആരോപിച്ചു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ഇത് മൂന്നാം തവണയാണ് മഹാവികാസ് അഘാഡി സർക്കാരിനെ താഴെ വീഴ്ത്താൻ ബിജെപി ശ്രമിക്കുന്നതെന്നും, ഇത് ശിവസേനയുടെ ആഭ്യന്തരകാര്യമാണെന്നും, അവരത് കൃത്യമായിത്തന്നെ കൈകാര്യം ചെയ്യുമെന്നും പവാർ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ നടന്ന ക്രോസ് വോട്ടിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ ''അത് സംഭവിക്കുന്നതാണെന്നും, അതിനെല്ലാമുള്ള പരിഹാരം കാണുമെന്നുമാണ്'', പവാർ മറുപടി പറഞ്ഞത്.
നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെ 21 ശിവസേന എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോർട്ടിലേക്ക് മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്‍റെ പേരിൽ മുംബൈയിൽ നിന്ന് മാറി നിൽക്കുന്ന ഏക് നാഥ് ഷിൻഡെയുമായി ശിവസേന നേതൃത്വത്തിന് ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം. എല്ലാ എംഎൽഎമാരുടെയും ഫോണുകൾ 'നോട്ട് റീച്ചബിൾ' ആണ്. ഷിൻഡെയുടെ ഫോണുമതെ.
കഴിഞ്ഞ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന - കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച നടന്ന സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 133 വോട്ടുകൾ നേടി ബിജെപി വിജയിച്ചത് മഹാവികാസ് അഘാഡിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിൽ 27 വോട്ടുകൾ ഇതര പാർട്ടികളിൽ നിന്നും സ്വതന്ത്രരിൽ നിന്നുമാണ് ലഭിച്ചത്.
അതേസമയം, ബേലാപൂരിൽ നിന്നുള്ള നിതീഷ് ദേശ്മുഖ് എന്ന എംഎൽഎയെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൂറത്തിൽ ഏക്നാഥ് ഷിൻഡെയുടെ ഒപ്പമുണ്ടായിരുന്ന എംഎൽഎയായിരുന്നു നിതീഷ് ദേശ്മുഖ്. അതേസമയം, അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.