മഹാ കുംഭമേള 2025; വെല്ലുവിളികൾ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈൽ ആപ്പ് ഒരുങ്ങുന്നു
എല്ലാ റാങ്കുകളിലെയും ഉദ്യോഗസ്ഥർക്കിടയിൽ തടസ്സമില്ലാത്ത ഏകോപനത്തിന് ആപ്പ് സഹായകമാകും.
ലഖ്നൗ: മഹാ കുംഭമേളയിൽ പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ മൊബൈൽ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകൾ, പ്രധാന ലാൻഡ്‌മാർക്കുകൾ, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പർ പോലെയുള്ള വിശദാംശങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ വിവരങ്ങൾ ഈ ആപ്പിൽ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ അതിവേഗത്തിലുള്ള പ്രതികരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിക്കുന്നത്.
പൊലീസ് സേനയുടെ കാര്യക്ഷമതയും ഏകോപനവും പ്രതികരണശേഷിയും വർധിപ്പിക്കുകയെന്ന ലക്ഷ്യവും പൊലീസ് മൊബൈൽ ആപ്പിനുണ്ട്. തത്സമയ ആശയവിനിമയം, സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എന്നിവ പോലെയുള്ള ഫീച്ചറുകൾക്കൊപ്പം, എല്ലാ റാങ്കുകളിലെയും ഉദ്യോഗസ്ഥർക്കിടയിൽ തടസ്സമില്ലാത്ത ഏകോപനത്തിനുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ആപ്പ് പ്രവർത്തിക്കും. പൊതു സുരക്ഷ ഉറപ്പാക്കുന്നതിലും ക്രമസമാധാനപാലനത്തിലും അടിയന്തര പ്രതികരണം കാര്യക്ഷമമാക്കുന്നതിലും ആപ്പ് നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.
മഹാ കുംഭമേളയിൽ നിലയുറപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആപ്പ് ഏറെ സഹായകരമാകുമെന്ന് മഹാകുംഭ് എസ്എസ്പി രാജേഷ് കുമാർ ദ്വിവേദി പറഞ്ഞു. വിവിധ മേഖലകളിലേയ്ക്ക് ആവശ്യാനുസരം അതിവേഗം എത്തിച്ചേരാൻ പൊലീസ് ഉദ്യോഗസ്ഥരെ ഈ ആപ്പ് സഹായിക്കും. കുംഭമേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആപ്പ് പ്രവർത്തനക്ഷമമാകുമെന്നും ഓരോ പൊലീസുകാരുടെയും മൊബൈലിൽ മുൻകൂട്ടി ആപ്പ് ഇൻസ്റ്റാൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്പ് വികസിപ്പിക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.