മഹാ കുംഭമേള 2025; സന്ദർശകർക്ക് താമസിക്കാൻ ലോകോത്തര നിലവാരത്തിലുള്ള ടെന്റുകൾ ഒരുങ്ങുന്നു
ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ടെന്റ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.
ലഖ്നൗ: മഹാ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള ടെന്റുകൾ ഒരുങ്ങുന്നു. സെക്ടർ 20ൽ സ്വിസ് കോട്ടേജ് ശൈലിയിലുള്ള 2,000-ലധികം ടെൻ്റുകൾ അടങ്ങുന്ന ഒരു ആഡംബര ടെന്റ് സിറ്റിയാണ് ഇതിന് വേണ്ടി സ്ഥാപിക്കുന്നത്. ആഗമാൻ, കുംഭ് ക്യാമ്പ് ഇന്ത്യ, ഋഷികുൽ കുംഭ് കോട്ടേജ്, കുംഭ് വില്ലേജ്, കുംഭ് ക്യാൻവാസ്, ഇറ എന്നീ ആറ് പ്രധാന പങ്കാളികളുമായി സഹകരിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ടെൻ്റുകൾ ലോകോത്തര നിലവാരത്തിലായിരിക്കും നിർമിക്കുക. വില്ല, മഹാരാജ, സ്വിസ് കോട്ടേജ്, ഡോർമിറ്ററി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ടെൻ്റ് സിറ്റിയിൽ താമസ സൗകര്യം ലഭിക്കും. പ്രതിദിനം 1,500 മുതൽ 35,000 രൂപ വരെയാണ് ഈടാക്കുക. അധികമായി വരുന്ന അതിഥികൾക്ക് ഡോർമിറ്ററികളിൽ ഒഴികെ 4,000 രൂപ മുതൽ 8,000 രൂപ വരെ അധിക ചാർജുകൾ ഈടാക്കും. 75 രാജ്യങ്ങളിൽ നിന്നായി 45 കോടി സന്ദർശകർ മഹാ കുംഭമേളയ്ക്ക് എത്തുമെന്ന വിലയിരുത്തലിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.
ടെൻ്റ് സിറ്റിയിൽ 900 ചതുരശ്ര അടി വിസ്തീർണമുള്ള വില്ല ടെൻ്റുകളും 480 മുതൽ 580 ചതുരശ്ര അടി വരെ വിസ്തീർണമുള്ള സൂപ്പർ ഡീലക്സ് ടെൻ്റുകളും 250 മുതൽ 400 ചതുരശ്ര അടി വിസ്തീർണമുള്ള ഡീലക്സ് ബ്ലോക്കുകളും ഉണ്ടാകും. എയർ കണ്ടീഷനിംഗ്, ഡബിൾ ബെഡ്‌സ്, സോഫാ സെറ്റുകൾ, കസ്റ്റമൈസ്ഡ് ഇൻ്റീരിയറുകൾ, റൈറ്റിംഗ് ഡെസ്‌ക്കുകൾ, അഗ്നിശമന ഉപകരണങ്ങൾ, പുതപ്പുകൾ, ബ്ലാങ്കറ്റുകൾ, കൊതുക് വലകൾ, വൈഫൈ, ഡൈനിംഗ് ഏരിയകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ഈ കൂടാരങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ജനുവരി 1 മുതൽ മാർച്ച് 5 വരെ ഈ ടെന്റുകളിൽ താമസ സൗകര്യം ലഭിക്കും. ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴിയോ മഹാകുംഭ് ആപ്പ് വഴിയോ സന്ദർശകർക്ക് താമസ സൗകര്യം ബുക്ക് ചെയ്യാം.
READ MORE: മോദി ഒന്നാം നമ്പർ, 498 ൽ രാഹുൽഗാന്ധി ; ലോക്സഭയുടെ പുതുക്കിയ സീറ്റ് ക്രമീകരണം ഇങ്ങനെ