നിർദേശങ്ങൾ ലംഘിച്ച് ബിജെപി മന്ത്രിയുടെ ക്ഷേത്ര പൂജ; പ്രാര്‍ത്ഥന മധ്യപ്രദേശിനായെന്ന് വിശദീകരണം
ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മഹാകാല്‍ ക്ഷേത്രം 11 ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും തുറന്നത്. മൂന്ന് ഘട്ടമായി മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ, അഞ്ച് ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ തുടങ്ങിയ നിർദ്ദേശങ്ങൾ ക്ഷേത്ര കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു.
ഭോപ്പാൽ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ പൂജ ചെയ്ത് മധ്യപ്രദേശിലെ കൃഷി മന്ത്രി കമല്‍ പട്ടേൽ. ഉജ്ജൈയിനിലെ മഹാകാല്‍ ക്ഷേത്രത്തിലാണ് മന്ത്രി പൂജക്ക് എത്തിയത്. ഒരു സംഘം അണികള്‍ക്കൊപ്പമായിരുന്നു ബിജെപി നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനം. പൂജാ വസ്തുക്കള്‍ കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ച് പൂജാരിക്ക് നല്‍കുകയും ചെയ്തു.
മാസ്‌ക് മുഖത്തണിയാതെ കഴുത്തിലിട്ടാണ് മന്ത്രി പൂജയില്‍ പങ്കെടുത്തതെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ മന്ത്രി പാലിച്ചിരുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, താന്‍ നിയന്ത്രണങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
‘ബിജെപി എംഎല്‍എ മോഹന്‍ യാദവിനൊപ്പമാണ് ഞാന്‍ പോയത്. മധ്യപ്രദേശിനെ രക്ഷിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍. എങ്ങനെയാണ് മറ്റുള്ളവര്‍ ഉള്ളില്‍ പ്രവേശിച്ചതെന്ന് അറിയില്ല’ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.