കള്ളൻമാരിലെ 'അണ്ണൻതമ്പി', ഒരാൾ മോഷ്ടിക്കും, മറ്റേയാൾ സിസിടിവിയ്ക്ക് മുന്നിലെത്തും; ഇരട്ടകൾ ഒടുവിൽ പിടിയിൽ 

ആർക്കും സംശയം തോന്നാതിരിക്കാൻ അപൂർവമായി മാത്രമാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

Madhya Pradesh police crack identical twin robbers trick to mislead police

ഭോപ്പാൽ: ഏറെ നാളായി പൊലീസിനെ കുഴക്കിയിരുന്ന മോഷണക്കേസ് പ്രതികൾ ഒടുവിൽ പിടിയിൽ. ഇരട്ട സഹോദരൻമാർ ഉൾപ്പെട്ട ഒരു അസാധാരണ മോഷണക്കേസാണ് പുറത്തുവന്നിരിക്കുന്നത്. സൗരഭ് വർമ്മ, സഞ്ജീവ് വർമ്മ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാഴ്ചയിൽ സമാന രൂപമുള്ള രണ്ട് പേരും ചേ‍ർന്ന് അതിവിദ​ഗ്ധമായാണ് മോഷണം നടത്തിയിരുന്നത്. ഒരാൾ മോഷണം നടത്തുമ്പോൾ മറ്റേയാൾ പൊലീസിനെ തെറ്റിധരിപ്പിക്കാനായി മറ്റെവിടെയെങ്കിലുമുള്ള സിസിടിവിയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നതായിരുന്നു രീതി. 

കവർച്ചയിൽ ഉൾപ്പെട്ടയാളെ പിടികൂടിയാൽ താൻ കുറ്റകൃത്യം നടന്ന സ്ഥലത്ത‍് ഉണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനായി സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കും. ഇതോടെ നിരപരാധിയാണെന്ന് വരുത്തിത്തീർത്ത ശേഷം രക്ഷപ്പെടുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇതോടെ വിവിധ കേസുകളിൽ പൊലീസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഡിസംബർ 23 ന് മൗഗഞ്ച് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ ഇരുവരും ചേർന്ന് വൻ മോഷണം നടത്തിയിരുന്നു. അലമാരകളും പെട്ടികളും കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്.

ഈ കേസിൽ സൗരഭ് വർമ്മ ​​ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗരഭിനെ തേടി സഞ്ജീവ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അകത്തുള്ളയാൾ എങ്ങനെ പുറത്തിറങ്ങി എന്ന് പൊലീസുകാർക്ക് പോലും സംശയം തോന്നി. കസ്റ്റഡിയിലെടുത്ത പ്രതി എങ്ങനെയോ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ, വിശദമായി ചോദ്യം ചെയ്തപ്പോൾ ഇരട്ടകളുടെ മോഷണ പദ്ധതി പുറത്തുവന്നു. ഇരട്ട സഹോദരൻമാർ ഒരേ വസ്ത്രം ധരിച്ചാണ് മോഷണത്തിനിറങ്ങിയിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ അപൂർവമായി മാത്രമാണ് ഇരുവരും തമ്മിൽ നേരിൽ കണ്ടുമുട്ടിയിരുന്നത്. വിരലിലെണ്ണാവുന്ന ഗ്രാമീണർക്ക് മാത്രമേ ഇരുവരും ഇരട്ടകളാണെന്ന കാര്യം അറിയുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

READ MORE: 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ, ഞെട്ടിക്കുന്ന സംഭവം യുപിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios