ആദിവാസി യുവാവിന്‍റെ ദേഹത്ത് മൂത്രമൊഴിച്ചത് ബിജെപി പ്രവർത്തകനെന്ന് ആരോപണം, നിഷേധിച്ച് ബിജെപി
പ്രവേശ് ശുക്ല തന്‍റെ സഹായി ആണെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം ബിജെപി നേതാവ് കേദാർ ശുക്ല നിഷേധിച്ചു. തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേശ് ശുക്ല അവരിൽ ഒരാളല്ലെന്നും പ്രതിയുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ വ്യക്തമാക്കി.
ദില്ലി: മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പിടിയിലായ യുവാവ് ബിജെപി പ്രവർത്തകനെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. പ്രവേശ് ശുക്ലയെന്നായാളാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ എസ് സി എസ് ടി അതിക്രമ നിരോധന നിയമത്തിലെ അടക്കം വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പ്രതി പ്രവേശ് ശുക്ല ബിജെപി നേതാവാണെന്നും സംഭവം മധ്യപ്രദേശിന് അപമാനമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദേശീയ സുരക്ഷാ നിയമം പ്രതിക്കെതിരെ ചുമത്താൻ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം പ്രവേശ് ശുക്ല തന്‍റെ സഹായി ആണെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം ബിജെപി നേതാവ് കേദാർ ശുക്ല നിഷേധിച്ചു. തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേശ് ശുക്ല അവരിൽ ഒരാളല്ലെന്നും പ്രതിയുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ ശുക്ല പ്രതികരിച്ചിട്ടുണ്ട്. പ്രവേഷ് ശുക്ല സിധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയെന്ന ബിജെപി നേതാവിന്റെ സഹായി ആണെന്നുമാണ് സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കക്കളുടെ ആരോപണം. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെയും റിപ്പോർട്ട് ചെയ്തിരുന്നു.
മധ്യപ്രദേശിലെ സിധിയിൽ നിന്നാണ് രാജ്യത്തിന് തന്നെ അപമാനകരമായ ദൃശ്യം പുറത്ത് വന്നത്. മദ്യപിച്ച് സിഗരറ്റ് വലിച്ച് റോഡരികിലേക്കെത്തിയ പ്രവേശ് ശുക്ള മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ പൊലീസ് പ്രവേശ് ശുക്ലയ്ക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു. വീഡിയോ വ്യാജമാണെന്നായിരുന്നു പ്രവേശ് ശുക്ലയുടെ ഭാര്യയുടെ പ്രതികരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ മധ്യപ്രദേശിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Read More : 'വധു 17കാരി, വരൻ 32കാരൻ, സാമ്പത്തിക നില മുതലെടുത്ത് വിവാഹം'; കേസെടുത്തതോടെ വധൂവരന്മാരടക്കം മുങ്ങി
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE