'ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ സഹായിക്കണം സാർ'; ഐഎഎസ് ഓഫീസർക്ക് മുൻപിൽ അസാധാരണ ആവശ്യവുമായി 62കാരൻ
മുത്തച്ഛന്‍റെ മരണ ശേഷം ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി താനും സഹോദരങ്ങളും അപേക്ഷിച്ചതോടെയാണ് ജീവിതം മാറ്റിമറിച്ച സംഭവങ്ങളുണ്ടായതെന്ന് ഗണപതി.
ബെംഗളൂരു: അസാധാരണ ആവശ്യവുമായാണ് കർണാടകയിലെ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷനെ കാണാൻ 62 വയസ്സുകാരൻ എത്തിയത്. ഐഎഎസ് ഓഫീസറെ കാണാനെത്തിയപ്പോൾ ഗണപതി കകത്കർ എന്ന വയോധികന്‍റെ കയ്യിൽ സ്വന്തം മരണ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. താൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാൻ സഹായിക്കണം എന്നായിരുന്നു ഗണപതി കകത്കറുടെ അപേക്ഷ. ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ പിഴവ് കാരണം 62 കാരന് ആധാർ കാർഡും സർക്കാർ ആനുകൂല്യങ്ങളും നഷ്ടമായി. ബാങ്കിടപാടുകൾ നടത്താനും കഴിയുന്നില്ല.
1976ൽ അന്തരിച്ച മുത്തച്ഛൻ മസാനു ഷട്ടു കകത്കറുടെ ആറ് ഏക്കർ ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി താനും സഹോദരങ്ങളും അപേക്ഷിച്ചതോടെയാണ് ജീവിതം മാറ്റിമറിച്ച സംഭവങ്ങളുണ്ടായതെന്ന് ഗണപതി പറയുന്നു. മസാനു മരിക്കും മുൻപ് തന്‍റെ സ്വത്ത് മൂന്ന് ആൺമക്കൾക്ക് വീതിച്ചു നൽകിയിരുന്നു. എന്നാൽ ആറ് ഏക്കർ മസാനുവിന്റെ പേരിൽ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷവും ഈ ഭൂമി കൈമാറ്റം ചെയ്തിട്ടില്ല. മസാനുവിന്‍റെ മൂന്ന് ആൺമക്കളും മരിച്ചതോടെ ഗണപതി ഉൾപ്പെടെയുള്ള എട്ട് പേരക്കുട്ടികൾ ഈ സ്വത്തിന്‍റെ അവകാശികളായി.
രണ്ട് വർഷം മുമ്പാണ് ഗണപതി ഉൾപ്പെടെ 8 പേരക്കുട്ടികൾ ഭൂമി തങ്ങളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ മുത്തച്ഛന്‍റെ മരണ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ കാലതാമസം നേരിട്ടു. തുടർന്ന് അവർ ബെലഗാവിയിലെ കോടതിയെ സമീപിച്ചപ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. പിന്നാലെയാണ് ഹിന്ദൽഗയിലെ റവന്യൂ ഇൻസ്‌പെക്ടറുടെ ഓഫീസിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ഒരു പിഴവ് സംഭവിച്ചത്. റേഷൻ കാർഡിൽ നിന്ന് പേര് വെട്ടുകയും ആധാർ കാർഡ് നിർജീവമാവുകയും ചെയ്തതോടെ മാസങ്ങൾക്ക് ശേഷമാണ് ഗണപതി ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. രേഖകൾ പ്രകാരം താൻ മരിച്ചെന്ന്!
2023 ഓഗസ്റ്റ് 3-ന് പിശക് കണ്ടെത്തിയതിന് ശേഷം, ഗണപതി തഹസിൽദാറുടെ ഓഫീസ് ഉൾപ്പെടെ നിരവധി ഓഫീസുകളിലെത്തിയെങ്കിലും ഫലമുണ്ടായില്ല. മുത്തച്ഛന്‍റെ ആധാർ നമ്പറിന്‍റെ സ്ഥാനത്ത് കമ്പ്യൂട്ടർ ഓപ്പറേറ്റർ തന്‍റെ നമ്പർ അടിച്ചതാണ് ഈ ഗുരുതര പിഴവിന് കാരണമെന്ന് ഗണപതി പറഞ്ഞു. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ഗണപതി പറയുന്നു. രേഖയിലെ പിഴവ് തിരുത്താമെന്ന് ബെലഗാവി ഡെപ്യൂട്ടി കമ്മീഷണർ ഉറപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം