വാക്സിന്‍ പരീക്ഷണത്തോടെ ഭര്‍ത്താവിന്‍റെ കഴിവുകള്‍ നഷ്ടമായെന്ന് ഭാര്യ; നിഷേധിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
വാക്സിന്‍ പരീക്ഷണത്തിന് വിധേയനായതിന് പിന്നാലെ ജോലിയിലെ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഭര്‍ത്താവുള്ളത്. ഇത് മൂലം അമേരിക്കന്‍ കമ്പനിയിലെ ജോലി ഭര്‍ത്താവിന് നഷ്ടമായതായി യുവതി ആരോപിക്കുന്നു.
ചെന്നൈ: കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായതോടെ ഭര്‍ത്താവിന്‍റെ കഴിവുകള്‍ നഷ്ടമായെന്ന ആരോപണവുമായി ഭാര്യ. ചെന്നൈയില്‍ നിന്നുള്ള വാക്സിന്‍ വോളന്‍റിയറുടെ ഭാര്യയാണ് ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ആരോപണം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിഷേധിച്ചു. ആരോപണത്തിനെതിരെ വന്‍തുക മാനനഷ്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.
വാക്സിന്‍ പരീക്ഷണത്തിന് വിധേയനായതിന് പിന്നാലെ ജോലിയിലെ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഭര്‍ത്താവുള്ളത്. ഇത് മൂലം അമേരിക്കന്‍ കമ്പനിയിലെ ജോലി ഭര്‍ത്താവിന് നഷ്ടമായതായി യുവതി ആരോപിക്കുന്നു. നാല്‍പതുകാരനായ മാര്‍ക്കറ്റിംഗ് വിഭാഗം ജോലിക്കാരന്‍റെ ഭാര്യയുടേതാണ് ആരോപണം. ഒക്ടോബര്‍ 1നാണ് ഇയാള്‍ വാക്സിന്‍ പരീക്ഷണത്തിന് വിധേയനായത്. ഇക്കാര്യം തുറന്ന് പറഞ്ഞത് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാണെന്നും യുവതി പറയുന്നു.
ഈ വാക്സിനാണ് ഇന്ത്യയുടെ വഴിയെന്ന നിലയിലാണ് പ്രചാരണം. അതിനാല്‍ തന്നെയാണ് ഇത്തരമൊരു അനുഭവം നേരിട്ട ശേഷം മൌനം പാലിക്കാതിരിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും യുവതി പറയുന്നു. സൃഷ്ടിപരമായ കഴിവുകള്‍ ഉണ്ടായിരുന്ന ഭര്‍ത്താവിന് ഇപ്പോള്‍ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാനാവുന്നില്ല. മികച്ച എഴുത്തുകാരനായ ഭര്‍ത്താവിന് അതിവേഗത്തില്‍ ചെയ്യേണ്ട് ജോലിയില്‍ വന്ന അസാധാരണ കാലതാമസം നിമിത്തം ജോലി നഷ്ടമായി. വളരെ നിസാരമായി ചെയ്യാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പേയ്മെന്‍റ് പോലും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഭര്‍ത്താവുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ കൊവിഡ് വാക്‌സിന്‍ 'കോവിഷീല്‍ഡ്' സുരക്ഷിതമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിശദമാക്കുന്നത്. വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഡോസ് സ്വീകരിച്ച ചെന്നൈയിലുള്ള സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വഫലങ്ങള്‍ വന്നത് വാക്‌സിന്‍ തകരാര്‍ കാരണം അല്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വിശദമാക്കി.