യുപിയില്‍ മുസ്ലീം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്ന വീഡിയോ; വിശദീകരണവുമായി ഇലക്ഷന്‍ കമ്മീഷന്‍
ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്ലീം വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ തടഞ്ഞുവെന്നും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്നുമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വഴി പ്രചാരണം
ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തില്‍ പോളിംഗ് നടന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ മുസ്ലീംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സാമൂഹ്യമാധ്യമങ്ങളിലുണ്ടായ വീഡിയോ പ്രചാരണത്തിന് എക്‌സിലൂടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കിയത്.
വോട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്ലീം ജനവിഭാഗങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിഷേധിക്കപ്പെട്ടു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. മുസ്ലീം വിഭാഗക്കാര്‍ വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ പോളിംഗ് ബൂത്തിന് സമീപത്ത് വച്ച് തടഞ്ഞതായി ആരോപിക്കപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോളിംഗ് ദിനമായ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. ആരോപണം വലിയ വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ വിശദീകരണം പുറപ്പെടുവിച്ചത്.
'പൊതുതെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ യുപിയിലെ പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിന്‍റെത് എന്ന അവകാശവാദത്തോടെ എക്‌സില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്, സംഭല്‍ ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ശേഷം ഇതിനകം വിശദീകരണം ഇക്കാര്യത്തില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് ഒരു വോട്ടറെയും അവിടെ തടഞ്ഞിട്ടില്ല. മുസ്ലീം വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായുള്ള അവകാശവാദം വ്യാജമാണ്' എന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.
ഒരു പാർട്ടിയുടെ സ്ഥാനാർഥി മറ്റൊരാളെ അനധികൃതമായി ബൂത്തിനകത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നതിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നാണ് സംഭല്‍ ജില്ല മജിസ്ട്രേറ്റ് എക്‌സിലൂടെ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം