'സംഘര്‍ഷം, ഇവിഎം തകരാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, പണവിതരണം'; ബംഗാളില്‍ പരാതിപ്രളയം

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഞായറാഴ്‌ച രാത്രി പണവിതരണം നടത്തി എന്നതാണ് ഉയര്‍ന്ന ഒരു പരാതി 

Lok Sabha Elections 2024 Phase 5 Complaints from parties in West Bengal crosses 1000 as of 1 pm says ECI

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ പരാതിപ്രളയം. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്കുള്ളില്‍ ആയിരത്തിലധികം (1036) പരാതികളാണ് വോട്ടിംഗ് സംബന്ധിച്ച് വിവിധ പാര്‍ട്ടികളില്‍ നിന്ന് ലഭിച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 13,481 പോളിംഗ് സ്റ്റേഷനുകളാണ് ഇന്ന് വോട്ടിംഗിനായി ബംഗാളില്‍ ഒരുക്കിയിരുന്നത്. 

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്‍റുമാരെ വിലക്കിയ സംഭവം, പോളിംഗ് ഏജന്‍റുമാര്‍ക്കെതിരായ ആക്രമണം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യാനെത്തുമ്പോള്‍ തടയുകയോ ചെയ്യുക എന്നിവ സംബന്ധിച്ച പരാതികളാണ് ഇലക്ഷന്‍ കമ്മീഷന് പശ്ചിമ ബംഗാളില്‍ നിന്ന് പ്രധാനമായും ലഭിച്ചത്. ബംഗോൺ, ഹൂഗ്ലി, അരംബാഗ് എന്നീ മണ്ഡലങ്ങളില്‍ നേരിയ സംഘര്‍ഷമുണ്ടായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാര്‍ഥ ബൗമിക് ഇന്നലെ രാത്രി പണം വിതരണം ചെയ്തതായി ബിജെപി എംപിയും ബാരക്ക്‌പൂരിലെ സ്ഥാനാര്‍ഥിയുമായ അര്‍ജുന്‍ സിംഗ് വോട്ടിംഗ് തുടങ്ങുംമുമ്പേ പരാതിപ്പെട്ടിരുന്നു. 

പശ്ചിമ ബംഗാള്‍ സംസ്ഥാനത്തെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. ഹൗറ, ഹൂഗ്ലി, അരംബാഗ്, ബംഗോൺ, ബാരക്ക്പൂർ, സെരാംപൂര്‍, ഉലുബേരിയ എന്നിവയാണവ. ആകെ 88 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. പശ്ചിമ ബംഗാളിലെ ഏഴ് അടക്കം ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ ആകെ 47 ശതമാനം പോളിംഗാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതേസമയം ബംഗാളില്‍ മൂന്ന് മണി വരെ 62.72 ശതമാനം പോളിംഗുണ്ടായി എന്നാണ് ഔദ്യോഗിക കണക്ക്. 

Read more: ജാന്‍വി കപൂര്‍ മുതല്‍ ആമിര്‍ ഖാന്‍ വരെ; മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരനിര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios