ബിഹാറില്‍ ബിജെപി-ആര്‍ജെഡി സംഘര്‍ഷം; ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു, കനത്ത സുരക്ഷാവലയത്തില്‍ സംഘര്‍ഷ സ്ഥലം 

Lok Sabha Elections 2024 One person was shot dead and two severely injured in BJP RJD clash Bihar

പാറ്റ്‌ന: ബിഹാറിലെ സരണില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഇന്നലെ ഇവിടെ ബിജെപി-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലാരംഭിച്ച വാക്കുതര്‍ക്കമാണ് ഇന്ന് വെടിവെപ്പിലേക്കെത്തിയത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സരണിലെ സംഘര്‍ഷങ്ങളില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രദേശത്ത് രണ്ട് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഇവിടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. എസ്‌പിയും ജില്ലാ മജിസ്ട്രേറ്റും സ്ഥലത്ത് ക്യാംപ് ചെയ്‌താണ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്. 

വോട്ടിംഗ് അവസാനിക്കുന്നതിന് മുമ്പ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ മകളും സരണിലെ ആര്‍ജെഡി സ്ഥാനാര്‍ഥിയുമായ രോഹിണി ആചാര്യ ചാപ്രയിലെ ബൂത്തിലെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. രോഹിണി ബൂത്ത് കയ്യേറ്റം നടത്തിയതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. രോഹിണി ആചാര്യയും അനുയായികളും വോട്ടർമാരോട് മോശമായി പെരുമാറിയതായി നാട്ടുകാർ പരാതിപ്പെട്ടതിന് പിന്നാലെ രോഹിണി സ്ഥലം വിട്ടിരുന്നു. വോട്ടിംഗ് ദിനമായ ഇന്നലെ തുടങ്ങിയ ഈ സംഘര്‍ഷം ഇന്നും തുടര്‍ന്നപ്പോള്‍ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു. 

ബിഹാറില്‍ തിങ്കളാഴ്‌ച പോളിംഗ് ബൂത്തിലെത്തിയ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലൊന്നാണ് സരണ്‍. അഞ്ചാം ഘട്ടത്തില്‍ 52.35 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സരണില്‍ 50.46 ആണ് വോട്ടിംഗ് ശതമാനം. ആര്‍ജെഡിയുടെ രോഹിണി ആചാര്യയും രണ്ട് തവണ സിറ്റിംഗ് എംപിയായ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും തമ്മിലാണ് സരണിലെ പോരാട്ടം.  

Read more: 'പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു, വോട്ട് ചെയ്‌തില്ല'; മുന്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ് അയച്ച് ബിജെപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios