13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എംപി ഇല്ല; മുന്നണിക്കരുത്തിനിടയിലും കോണ്‍ഗ്രസിന് സംഭവിച്ചത്
ചരിത്രത്തിലാദ്യമായി 400ല്‍ കുറഞ്ഞ സീറ്റുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിച്ച പൊതു തെരഞ്ഞെടുപ്പായിരുന്നു ലോക്‌സഭ ഇലക്ഷന്‍ 2024
ദില്ലി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി മുന്നണിയായ 'എന്‍ഡിഎ'യെ വിറപ്പിച്ച 'ഇന്ത്യാ മുന്നണി'യുടെ പതാകവാഹകര്‍ കോണ്‍ഗ്രസ് ആയിരുന്നു. ഇന്ത്യാ മുന്നണി 232 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് ഇവയിലെ 99 എണ്ണത്തില്‍ വിജയിച്ചു. സഖ്യകക്ഷികളെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ് പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന്‍റെ സൂചന കാട്ടിയപ്പോഴും പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ഥിയെ പോലും വിജയിപ്പിക്കാനാവാതെ പോയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. മത്സരിച്ചിട്ടും 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് ഒരു നിയുക്ത എംപി പോലുമില്ല.
ചരിത്രത്തിലാദ്യമായി 400ല്‍ കുറഞ്ഞ സീറ്റുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിച്ച പൊതു തെരഞ്ഞെടുപ്പായിരുന്നു ലോക്‌സഭ ഇലക്ഷന്‍ 2024. 328 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുള്ളൂ. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 421 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. എന്‍ഡിഎയെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ മുന്നണിക്കേ സാധിക്കൂ എന്ന് മനസിലാക്കിയ കോണ്‍ഗ്രസ് സീറ്റുകളില്‍ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായി. പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളില്‍ പ്രാധാന്യം നല്‍കിയാണ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഒരു സീറ്റ് പോലുമില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേരി ആന്‍ഡ് ദാമന്‍ ദിയൂ, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്‌മീര്‍, ലഡാക്ക്, മധ്യപ്രദേശ്, മിസോറാം, ദില്ലി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് 18-ാം ലോക്‌സഭയില്‍ ഒരു കോണ്‍ഗ്രസ് എംപി പോലുമില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
ഇവയില്‍ ആന്‍ഡമാനില്‍ ആകെയുള്ള ഒരു സീറ്റില്‍ ബിജെപിയോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് റായ് ശര്‍മ്മ തോറ്റു. ദാദര്‍ ആന്‍ഡ് നാഗര്‍ ഹാവേലിയില്‍ ബിജെപിയോടും ദാമന്‍ ദിയുവില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ് തോല്‍വി വഴങ്ങി. ജമ്മു കശ്‌മീരിലെ ജമ്മു മണ്ഡലത്തിലും ഉദംപൂരിലും ബിജെപിയോട് തോല്‍ക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ വിധി. ലഡാക്കിലെ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടും മിസോറാമിലെ ഒരു സീറ്റില്‍ സോറം പീപ്പിള്‍ മൂവ്‌മെന്‍റിനോടും സിക്കിമിലെ ഒരു സീറ്റില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയോടും ത്രിപുര വെസ്റ്റില്‍ ബിജെപി സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
സമ്പൂര്‍ണ തോല്‍വി പിണഞ്ഞ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍
ബിജെപിയുടെ ക്ലീന്‍സ്വീപിന് മുന്നില്‍ മധ്യപ്രദേശിലും ദില്ലിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. മധ്യപ്രദേശില്‍ ആകെയുള്ള 29 സീറ്റിലും ബിജെപിയായിരുന്നു വിജയികള്‍. ഇവിടെ മത്സരിച്ച 27 സീറ്റും കോണ്‍ഗ്രസിനെ കൈവിട്ടു. ദില്ലിയില്‍ ആകെയുള്ള ഏഴിലും ബിജെപി സ്ഥാനാര്‍ഥികളാണ് ജയിച്ചത്. മൂന്ന് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് തോല്‍വിയായി ഫലം. ഇന്ത്യാ മുന്നണിയില്‍ മറ്റ് നാല് സീറ്റുകളില്‍ എഎപിയായിരുന്നു മത്സരിച്ചത്. ഉത്തരാഖണ്ഡില്‍ ആകെയുള്ള അഞ്ച് സീറ്റുകളും ബിജെപി കൊണ്ടുപോയപ്പോള്‍ മത്സരിച്ച അഞ്ചിലും കോണ്‍ഗ്രസ് തോറ്റു. ഹിമാചലിലെ നാല് സീറ്റും ബിജെപി തൂത്തുവാരിയപ്പോള്‍ നാലിടത്തും കോണ്‍ഗ്രസ് രണ്ടാമതായി. അരുണാചലില്‍ ആകെയുള്ള രണ്ട് സീറ്റിലും ബിജെപിയോട് കോണ്‍ഗ്രസ് തോറ്റു. ആന്ധ്രപ്രദേശില്‍ ആകെയുള്ള 25 സീറ്റുകളില്‍ ഇന്ത്യാ മുന്നണിക്കായി കോണ്‍ഗ്രസ് മത്സരിച്ച 23 സീറ്റിലും പരാജയപ്പെട്ടു.
കോണ്‍ഗ്രസിന് എംപിമാരുള്ള സംസ്ഥാനങ്ങള്‍
അസം, ബിഹാര്‍, ചണ്ഡീഗഡ്, ചത്തീസ്‌ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, ലക്ഷദ്വീപ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍.
Read more: തിരിച്ചടി പലയിടങ്ങളില്‍; ബിജെപിക്ക് ഒരു എംപി പോലുമില്ലാതെ 7 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം